ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം തകർത്തു തരിപ്പണമാക്കി ഇന്ത്യന്‍ സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ മറുപടി. കൃത്യം നടന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 200 ലേറെ ഭീകരരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം മരണസംഖ്യ 300 കടന്നു എന്നും വിവരങ്ങള്‍ ഉണ്ട്. കര-വ്യോമ സേന സംയുക്തമായി നടത്തിയ ആക്രമണത്തില്‍ മിറാഷ് യുദ്ധവിമാനങ്ങളാണ് പ്രധാന പങ്ക് വഹിച്ചത്.

പ്രിസിഷന്‍ സ്ട്രൈക്കാണ് ഇന്ത്യ ഇന്ന് നടത്തിയത്. 21 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ 300 ഓളം ഭീകരരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മുമ്പ് മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

ഇതിന് ശേഷം ഈ യുദ്ധ വിമാനം ഉപയോഗിക്കുന്നത് ഇപ്പോഴാണ്.വ്യോമസേന 12 മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഭീകരക്യാമ്പുകള്‍ തകര്‍ക്കാനായി ഉപയോഗിച്ചത്. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് വിമാനം 1000 കിലോഗ്രാം ബോംബുകളാണ് തീവ്രവാദ മേഖലകളില്‍ വര്‍ഷിച്ചത്. ജെയ്ഷെ മുഹമ്മദിന്റെ കണ്ട്രോള്‍ റൂമുകള്‍, പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തകര്‍ക്കാന്‍ ഇന്ത്യയ്ക്കായി. ചകോതി, മുസഫറാബാദ് എന്നിവടങ്ങളിലെ ഭീകര ക്യാമ്പുകളും തകര്‍ത്തു.

പാകിസ്ഥാനിലേക്ക് കടന്ന് വ്യോമാക്രമണം നടത്തിയെന്ന വിവരം ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ സ്ഥിതീകരിച്ചു. ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകര്‍ത്തതായി ഇന്ത്യ വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ യൂസുഫ് അസര്‍ അഥവാ ഉസ്താദ് ഖോറി എന്നിവരുള്‍പ്പടെ നിരവധി ജയ്‌ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി.

ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിര്‍ത്തിയില്‍ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി ഫിദായീന്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നിന്ന് തന്നെയുള്ള വിവരങ്ങള്‍ വച്ച് ജയ്‌ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകര്‍ക്കുകയായിരുന്നു. – വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

ബഹാവല്‍ പൂര്‍ ആസ്ഥാനമായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ നിരവധി ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നതായി ഇന്ത്യക്ക് വിവരം കിട്ടിയിരുന്നെന്നും ഈ വിവരങ്ങള്‍ പലപ്പോഴും പാകിസ്ഥാന് കൈമാറിയിരുന്നു. എന്നാല്‍ ഒരു നടപടിയും പാകിസ്ഥാന്‍ സ്വീകരിച്ചില്ല.