പ്രവാസികള്‍ക്കായി ഐ.ഒ.സി ഓസ്ട്രിയ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റില്‍ നിവേദനം സമര്‍പ്പിച്ചു
ദുബായ്: കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റില്‍ ഐ.ഒ.സി ഓസ്ട്രിയ പ്രവാസികളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സത്വരമായി ഇടപ്പെടണമെന്ന് അഭ്യര്‍ഥിച്ച് ചെയര്‍മാന്‍ സാം പിത്രോദയ്ക്ക് നിവേദനം കൈമാറി.
ഓസ്ട്രിയയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സിറോഷ് ജോര്‍ജ്ജാണ് പിത്രോദയെ നേരിട്ടുകണ്ട് നിവേദനം സമര്‍പ്പിച്ചത്. രണ്ടുദിവസമായി നടന്ന സമ്മേളനത്തില്‍ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട സദസിലായിരുന്നു വിഷയങ്ങള്‍ അവതരിപ്പിച്ചത്.
അതേസമയം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ സാധിച്ചെന്നും, ഒപ്പം രാഹുല്‍ഗാന്ധി മുന്നോട്ടു വയ്ക്കുന്ന പ്രവാസികളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോടു സത്യസന്ധമായ സമീപനമെന്ന ആശയം മുന്‍ നിറുത്തി അവ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ഐ.ഒ.സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ സംഘടനയുടെ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റിന്റെ സമാപന സമ്മേളനത്തില്‍ പറഞ്ഞു.