അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍ ; മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത
ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചു. കശ്മീരിലെ നൗഷെരയിലും അഖ്‌നൂറിലുമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്നു പുലര്‍ച്ചെ നിയന്ത്രണ രേഖ കടന്ന വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ബാലകോട്ടിലെ പരിശീലനകേന്ദ്രത്തില്‍ ബോംബിട്ട് നിരവധി ഭീകരരെ വധിച്ചിരുന്നു.
അതേസമയം നടന്നത് സൈനിക നീക്കമല്ലെന്നും കരുതല്‍ നടപടി മാത്രമെന്നും വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗം പ്രഖ്യാപിച്ചു. നാശനഷ്ടമില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.അതേസമയം പുഞ്ച് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും സൈന്യം തകര്‍ത്തു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ ഇവിടങ്ങളില്‍ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചു.
ഇതിന് പിന്നാലെ തിരിച്ചടി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി രംഗത്തെത്തിയിരുന്നു. ഇന്ത്യ തിരിച്ചടിച്ച പശ്ചാത്തലത്തില്‍ വെറുതെയിരിക്കില്ലെന്ന് സൂചന നല്‍കി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.