കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ; കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങള്‍ അടച്ചു ; ജാഗ്രതാനിര്‍ദേശം
ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍
ആരംഭിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനു പിന്നാലെ ജമ്മു-പത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സേനാനീക്കം സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടാണ് നടപടികള്‍.
പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതോടെ അതിര്‍ത്തിപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജമ്മു, ലേ, ശ്രീനഗര്‍. അമൃത്സര്‍, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രവിമാനങ്ങളുടെ സര്‍വ്വീസുകളും റദ്ദാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ജമ്മുകശ്മീരിലെ നൗഷേരയില്‍ 3 പാക് വിമാനങ്ങള്‍ വ്യോമ അതിര്‍ത്തി ലംഘിച്ചു. വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്കടുത്ത് ബോംബുകള്‍ വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം വിമാനങ്ങള്‍ക്കു നേരെ വെടിവച്ചു. രാവിലെ 11 മണിയോടെയാണ് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പറന്നെത്തിയത്. എഫ് 16 യുദ്ധവിമാനങ്ങളാണ് പറന്നെത്തിയതെന്ന് വ്യക്തമായി. രജൗരിയിലെ സൈനിക പോസ്റ്റിന് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഇന്ത്യ ഉടന്‍ തിരിച്ചടിച്ചു.