അബുദാബിയില്‍ പ്രതിഭകളെ ആദരിച്ചു

അബുദാബി: കലാ സാംസ്‌കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഈവന്റ് സംഘടിപ്പിച്ച ‘ജ്വാല 2K19’ എന്ന മെഗാ ഷോയില്‍ വെച്ചാണ് പ്രശസ്ത ചലച്ചിത്ര താരം സേതുലക്ഷ്മി അമ്മ, അബുദാബിയിലെ കലാ വേദികളുടെ പിന്നണി പ്രവര്‍ത്തകനും കേരളാ സോഷ്യല്‍ സെന്റര്‍ ഓഫീസ് സെക്രട്ടറി യുമായ ദേവദാസ് (ദാസ്. കെ. എസ്. സി.), നാടക – സിനിമാ അഭിനേത്രി ബിന്നി ടോം, സംവിധായകന്‍ ബാഷ് മുഹമ്മദ്, ജീവകാരുണ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍, മാധ്യമ പ്രവര്‍ത്തകന്‍ ചന്ദ്ര സേനന്‍ എന്നിവരെ ആദരിച്ചത്.

ഭരത് മുരളി നാടകോത്സവത്തില്‍ മികച്ച ബാലനടനുള്ള പുരസ്‌കാരം നേടിയ മുഹമ്മദ് മുസ്തഫ, അബു ദാബി ഫോട്ടോ ഗ്രാഫി മത്സരത്തിലെ പുരസ്‌കാര ജേതാവ് ടോബിന്‍ ടോം എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. കാശ്മീരിലെ പുല്‍വാമയില്‍ വീര മൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ചടങ്ങില്‍ ആദരവ് അര്‍പ്പിച്ചു.

ഫിലിം ഇവന്റ് പ്രസിഡണ്ട് ഫിറോസ് എം. കെ. അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷര്‍ ഉമ്മര്‍ നാലകത്ത് നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഫിലിം ഇവന്റ് കലാ പ്രതിഭകള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന സംഗീത – നൃത്ത – ഹാസ്യ വിരുന്ന് അരങ്ങേറി.

റിപ്പോര്‍ട്ട്: പി. എം. അബ്ദുല്‍ റഹിമാന്‍