പാക് കസ്റ്റഡിയില്‍ ഉള്ളത് ഇന്ത്യന്‍ വൈമാനികന്‍ തന്നെ ; സ്ഥിരീകരിച്ച് ഇന്ത്യ

പാക് കസ്റ്റഡിയില്‍ ഉള്ളത് ഇന്ത്യന്‍ വൈമാനികന്‍ എന്ന് ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ ആണ് പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചത് . പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം പറഞ്ഞത്.

ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് വര്‍ധനോട് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തുന്നു. അപമാനകരവും അപകടകരവുമായ രീതിയില്‍ ആണ് പാകിസ്താനില്‍ നിന്നും പുറത്തു വന്ന വീഡിയോകളിലും ചിത്രങ്ങളിലും അദ്ദേഹത്തെ കണ്ടത്.

പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നല്‍കേണ്ട ഉത്തരവാദിത്തം പാകിസ്ഥാനുണ്ടെന്നും അദ്ദേഹം സുരക്ഷിതനായി മടങ്ങിയെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും പൈലറ്റ് അഭിനന്ദ് വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്.

ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി. കണ്ടെത്തിയ ഘട്ടത്തില്‍ പ്രദേശവാസികളില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമാണ് അഭിനന്ദിന് ഏല്‍ക്കേണ്ടി വന്നത്. അതേസമയം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ രണ്ടാമതൊരു ഇന്ത്യന്‍ പൈലറ്റുണ്ടെന്ന മുന്‍നിലപാട് പാകിസ്ഥാന്‍ തള്ളി. ഒരാള്‍ മാത്രമേ കസ്റ്റഡിയില്‍ ഉള്ളൂ എന്നും. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് ഇയാള്‍ക്ക് വേണ്ട ചികിത്സയും സംരക്ഷണവും നല്‍കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴും പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ട് എന്ന രീതിയില്‍ സംസാരിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്ഥാന്‍ സൈന്യം പിടികൂടിയതായി നേരത്തെ പാകിസ്ഥാന്‍ സൈനികവക്താവും അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വിമാനം തകര്‍ന്നു വീണപ്പോള്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദനന്‍ പാക് അധീന കശ്മീരിലാണ് ചെന്നെത്തിയത്. ഇവിടെ നിന്നും അദ്ദേഹത്തെ പാകിസ്ഥാന്‍ സൈന്യം കസ്റ്റഡിയിലെടുത്തു.

മറ്റൊരു ഇന്ത്യന്‍ വൈമാനികനും കൂടി പരിക്കേറ്റ നിലയില്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്നും ഇയാള്‍ ആശുപത്രിയിലാണെന്നും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണ് ഇപ്പോള്‍ പാകിസ്ഥാന്‍ തള്ളിക്കളയുന്നത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഒഴിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരും തിരിച്ചെത്തിയെന്ന് ഇന്ത്യന്‍ വ്യോമസേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.