വ്യോമാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക്
ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയിലെ ഒരു ചിത്രവും പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നാണ് പാക് സര്‍ക്കാര്‍ അറിയിച്ചത്.ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ ഫിലിം എക്‌സിബിറ്റേസ് അസോസിയേഷന്‍ ബഹിഷ്‌കരിക്കുമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്റെ പിന്മാറ്റം. വെള്ളി, ശനി ദിവസങ്ങളിലാണ് അബുദാബിയില്‍ ഇസ്ലാമിക രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് കശ്മീരില്‍ നാലും ഹിമാചല്‍പ്രദേശില്‍ രണ്ടും വിമാനത്താവളങ്ങള്‍ അടച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.