കനത്ത ജാഗ്രത ; ഡല്‍ഹി മെട്രോയില്‍ റെഡ് അലേര്‍ട്ട്
അതിര്‍ത്തിയിലെ കടന്നുകയറ്റത്തിന്റെ പാശ്ചാതലത്തില്‍ ഡെല്‍ഹി മെട്രോയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്റ്റേഷന്‍ കണ്‍ട്രോളന്‍മാര്‍ ഓരോ രണ്ടു മണിക്കൂറിലും സ്റ്റേഷനുകള്‍ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബുധനാഴ്ച ഉച്ചയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.
രജൗരി ജില്ലയിലായിരുന്നു ആക്രമണം. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്.
നേരത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഈ വിലക്ക് നീക്കുകയായിരുന്നു. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങള്‍ പുനരാരംഭിച്ചു.
അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് കശ്മീരിലും ഹിമാചല്‍ പ്രദേശിലും ഉള്‍പ്പെടെ എട്ടോളം വിമാനത്താവളങ്ങളാണ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അമൃത് സര്‍ വിമാനത്താവളം അടച്ചു.
ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട്, അമൃത്സര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരുന്നു. പ്രദേശങ്ങളെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിക്കുന്ന നടപടിയുമുണ്ടായി.