പിതാവിനെ വധിച്ച് ഫ്രീസറില്‍ തള്ളിയ മകന് ജീവപര്യന്തം
പി.പി. ചെറിയാന്‍
പ്ലാനോ(ഡാളസ്): പിതാവിനെ ഇരുമ്പു റോഡു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം നീല ടെയ്പു ഉപയോഗിച്ചു വീട്ടിനകത്തെ വലിയ ഫ്രീസറില്‍ തള്ളിയ മകന് നോര്‍ത്ത് ടെക്സസ് ജഡ്ജി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഫെബ്രുവരി 25 തിങ്കളാഴ്ചയായിരുന്നു വിധി പ്രഖ്യാപിച്ചത്.കെന്നത്ത് സീനിയര്‍ വധിക്കപ്പെട്ടത് 2017 ഏപ്രില്‍ 13നായിരുന്നു. ഇതുമായി ബന്ധപ്പെട്ടു മകന്‍ കെന്നത്ത് ജൂനിയര്‍(28) പത്തുദിവസത്തിന് ശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനതാവളത്തില്‍വെച്ചു അറസ്റ്റു ചെയ്യപ്പെട്ടു.
പിതാവിനെ വധിച്ചു വീട്ടിനകത്ത് ഒരു കുറിപ്പും എടുത്തുവെച്ചു ഇയാള്‍ മെക്സിക്കോയിലേക്ക് രക്ഷപ്പെട്ടു. അടിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ റോഡും അവിടെതന്നെ ഉപേക്ഷിച്ചിരുന്നു.ഏപ്രില്‍ 15ന് കെന്നത്ത് സീനിയറുടെ മകള്‍ വിമാനതാവളത്തില്‍ എത്തി പിതാവിനെ റൈഡിനു വേണ്ടി വിളിച്ചപ്പോള്‍, സഹോദരന്‍ കെന്നത്തു ജൂനിയറായിരുന്നു ഫോണ്‍ എടുത്തത്.
പിതാവിന് സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നാണ് ഇയാള്‍ സഹോദരിയെ അറിയിച്ചു. സംശയം തോന്നിയ സഹോദരി പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഫ്രീസറിനകത്തു മൃതദേഹം കണ്ടെത്തിയത്.
2019 ജനുവരിയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും, സമൂഹത്തിനും ഇയാള്‍ ഭീഷിണിയാണെന്ന് ജഡ്ജ് റെ വെലസ് വിധിന്യായത്തില്‍ ചൂണ്ടികാട്ടി.ഈ ഭീകരനില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ കോളിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഗ്രേഗ് വില്ലീസ് സംതൃപ്തി രേഖപ്പെടുത്തി