സെഞ്ച്വറി അടിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍: 28 മാസം കൊണ്ട് 100 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ ആഗോള മലയാളി ശൃംഖലയായി ഡബ്ല്യു.എം.എഫ്

വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) 100 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടി. ഇതോടെ 28 മാസങ്ങള്‍ക്കകം നൂറ് രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യആഗോള പ്രവാസി മലയാളി ശൃംഖലയായി ഡബ്ല്യു.എം.എഫ് മാറിയെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.

ആഫ്രിക്കയിലെ ബുര്‍ക്കിനോ ഫാസോയാണ് നൂറാമതായി സംഘടനയില്‍ പ്രാതിനിധ്യം ലഭിച്ച രാജ്യം. അതേസമയം ലോകത്തിലെ എല്ലാ വന്‍കരകളിലുമായി ഡബ്ല്യു.എം.എഫിന് 123 സ്ഥലങ്ങളില്‍ സാന്നിദ്ധ്യവും, നിരവധി അംഗങ്ങളുമായി സംഘടന പ്രവര്‍ത്തനമികവില്‍ ബഹുദൂരം മുന്നിലാണ്. രാജ്യങ്ങള്‍ തിരിച്ചുള്ള യുണിറ്റ് രൂപീകരണവും കര്‍മ്മ പദ്ധതികളും പുരോഗമിക്കുന്നതൊടൊപ്പം, സംഘടനയുടെ രണ്ടാമത്തെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ബംഗളുരുവില്‍ 2020 ജനുവരി 3 മുതല്‍ 5 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ജാതി, മത, രാഷ്ട്രീയ, ദേശ ഭേദമില്ലാതെ ലോക മലയാളികളുടെ സൗഹൃദവും, സഹകരണവും ഉറപ്പാക്കുക, ലോകത്തിലെ വിവിധ സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ അവരുടെ സാംസ്‌ക്കാരിക സമ്പന്നതയില്‍കൂടെ ജീവിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ വിയന്ന ആസ്ഥാനമായി രൂപം കൊണ്ടത്. ഇതിനോടകം തന്നെ കേരളത്തെ ത്രസിച്ച ദുരന്തങ്ങളില്‍ സംഘടന സഹായവുമായി ഓടിയെത്തിയിരുന്നു. സംഘടനയുടെ ഭവന നിര്‍മ്മാണ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പുരോഗമിക്കുകയാണ്. അതോടൊപ്പം കേരളത്തിന്റെ പുനഃ നിര്‍മ്മാണ ശ്രമങ്ങളിലും സംഘടനയുടെ വിവിധ യൂണിറ്റുകള്‍ നേരിട്ടും അല്ലാതെയും പങ്കാളിത്വം വഹിക്കുന്നുണ്ട്.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍. ഡോ. മുരളി തുമ്മാരുകുടി, ഗോപിനാഥ് മുതുകാട് എന്നിവരാണ് സംഘടനയുടെ ഉപദേഷ്ടാക്കള്‍.

ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ നേതൃത്വത്തെ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംഘടനയെക്കുറിച്ചു കൂടുതല്‍ അറിയാനും അംഗത്വം ലഭിക്കാനും: www.worldmalayaleefederation.com