കൊടും ചൂടില്‍ ചുട്ടുപൊള്ളി കേരളം ; ഉച്ചവെയിലത്ത് ജോലി ചെയ്യുന്നതിന് വിലക്ക്

കേരളത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവും വേനല്‍ക്കാലവും കണക്കിലെടുത്താണ് ഉത്തരവ്.

2019 ഏപ്രില്‍ 30 വരെയാണ് നിലവില്‍ വെയിലത്തുള്ള ജോലി വിലക്കിയിരിക്കുന്നത്. ഏപ്രില്‍ 30-ന് ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം തീരുമാനിക്കും. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇങ്ങനെയൊരു ഉത്തരവ് ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കിയത്.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമീപദിവസങ്ങളില്‍ സംസ്ഥാനത്തെ താപനിലയില്‍ മൂന്ന് ഡിഗ്രീ വരെ വര്‍ധനവുണ്ടായതായാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചത്.