കോഴിക്കോട് ; എസ്ബിഐ ശാഖകളില്‍ നിന്നും പണം ചോരുന്നത് തുടർക്കഥ
കോഴിക്കോട് : എസ്ബിഐ ശാഖകളില്‍ നിന്നും പണം ചോരുന്നു എന്ന് പരാതി. എസ്.ബി.ഐ യുടെ വിവിധ ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നും ഇടപാടുകാരറിയാതെ ലക്ഷങ്ങള്‍ പിന്‍വലിക്കുന്നതായാണ് പരാതി. എ.ടി.എം. വഴിയാണ് പണം പോകുന്നത്. പണം പോകുന്നു എന്ന് കാട്ടി കോഴിക്കോട് ബാലുശേരി പോലീസ് സ്റ്റഷനില്‍ മാത്രം നിരവധി പരാതികളാണ് ലഭിച്ചത്. ബാലുശേരി, പൂനൂര്‍ ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നുമാണ് പണം നഷ്ടമായത്.
വാര്‍ത്ത പ്രചരിച്ചതോടെ ഇടപാടുകാര്‍ പരിഭ്രാന്തിയിലാണ്.നന്മണ്ട സ്വദേശി പ്രഭാകരന്‍ നായരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച 60,000 രൂപ ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള തീയതികളിലായാണ് നഷ്ട്ടപ്പെട്ടത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എം വഴിയാണ് പണം പിന്‍വലിച്ചിട്ടുള്ളത്. എകരൂല്‍ സ്വദേശി സരിതയുടെ അക്കൗണ്ടില്‍ നിന്നും 20,000 രൂപ ചോര്‍ന്നതായി ബാലുശേരി പൊലിസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.
പരാതിക്കാരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കയാണ്.പണം എങ്ങനെ നഷ്ടമാകുന്നു എന്നതിനെപ്പറ്റി അറിയില്ലെന്നും ബാങ്ക് അതിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ് മാനേജര്‍ അറിയിച്ചത്. നിക്ഷേപിച്ച പണത്തിന്റെ ഉത്തരവാദിത്വം ബാങ്കിനുണ്ടെന്നും മാനേജര്‍ സി.സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ നഷ്ടമായ തുക തിരിച്ചു കിട്ടാന്‍ സമയമെടുക്കുമെന്നതിനാല്‍ താല്‍ക്കാലിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് പരാതിക്കാര്‍.