പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ല എന്ന് വാസിം അക്രം ; പാക്കിസ്ഥാനെ ചെറുത്തു തോല്‍പ്പിക്കുമെന്ന് മോദി
ഇന്ത്യ-പാക് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ലെന്ന് വ്യക്തമാക്കി മുന്‍ പാക് ക്രിക്കറ്റ് താരവും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹകളിക്കാരനുമായിരുന്ന വാസിം അക്രം. പാകിസ്താന്‍ നിങ്ങളുടെ ശത്രുവല്ലെന്ന് താന്‍ ഹൃദയത്തില്‍ തൊട്ട് പറയുകയാണെന്ന് വാസിം അക്രം ട്വീറ്റ് ചെയ്തു.
നിങ്ങളുടെ ശത്രു ഞങ്ങളുടേയും കൂടി ശത്രുവാണ്. രണ്ട് രാജ്യങ്ങളും ഒരേ ശത്രുവിനെതിരെയാണ് യുദ്ധം ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ ഇനിയും എത്ര ചോര ചിന്തണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഭീകരതയ്‌ക്കെതിരായ യുദ്ധം ജയിക്കണമെങ്കില്‍ നമ്മള്‍ സഹോദരര്‍ കൈകോര്‍ത്ത് പിടിക്കണമെന്നും വാസിം പറയുന്നു.
അതേസമയം പാക്കിസ്ഥാനെതിരെയുള്ള നടപടിയില്‍ ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി പാക്ക് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും രാജ്യ പുരോഗതി തടാനുമാണ് പാക്കിസ്ഥാന്റെ ശ്രമം. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു കോടിയോളം വരുന്ന അണികളെ അഭിംസബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാക് സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും സമാധാനത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ഇന്ത്യ-പാക് സംഘര്‍ഷം മുറുകിയ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും.
സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി നാളെ കശ്മീര്‍ സന്ദര്‍ശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മ്മല സീതാരാമനൊപ്പം ഉണ്ടാകും. പാക് ആക്രമണം നടന്ന അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.