അഭിമാനത്തോടെ അഭിനന്ദന്‍ തിരിച്ചെത്തി ; ഊഷ്മളവരവേൽപ് നൽകി രാജ്യം
അഭിമാനത്തോടെ അഭിനന്ദന്‍ മാതൃഭൂമിയില്‍ തിരിച്ചെത്തി. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായി. വ്യോമസേന ഉദ്യോഗസ്ഥരാണ് അഭിനന്ദനെ സ്വീകരിച്ചത്. അദ്ദേഹത്തെ ഇനി അമൃത് സറിലേക്ക് കൊണ്ടുപോകും. അതിനു ശേഷം ഡല്‍ഹിയില്‍ എത്തിക്കും. അഭിനന്ദനെ കൈമാറിയതോടെ വാഗ അതിര്‍ത്തി അടച്ചു.
വൈകിട്ട് 5. 20 തിന് അഭിനന്ദന്‍ വര്‍ധമാനെ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അഭിനന്ദന്റെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനെ സ്വീകരിക്കാന്‍ കാത്തുനിന്നത്.
വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിലായിരുന്നു കൈമാറ്റ ചടങ്ങ്. ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാന്‍ വിങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ വിങ് കമാന്ററെ കാത്ത് നിന്നത്. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്.
ലഹോറില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്ററെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാന്‍ നിലപാട്. സമാധാന സന്ദേശത്തിന്റെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. വാഗാ അതിര്‍ത്തിയില്‍ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തല്‍ ചടങ്ങ് നടത്താറുള്ളത്.
എന്നാല്‍ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. പതാക താഴ്ത്തല്‍ ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു. അഭിനന്ദിനെ വിട്ട് നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ച ശേഷവും പ്രകോപനമുണ്ടായാല്‍ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോക രാജ്യങ്ങള്‍ എടുത്ത നിലപാടും ഇന്ത്യക്ക് സഹായകമായി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വാഗാ അതിര്‍ത്തിയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിര്‍മ്മലാ സീതാരാമന്‍ കശ്മീരിലായത് കൊണ്ട് വാഗയിലെത്താനായില്ല. ഇത്തരമൊരു കൈമാറ്റ ചടങ്ങില്‍ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ട് നില്‍ക്കുന്നതാണ് നല്ലതെന്ന ധാരണയെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരണ ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്.