വാഗാ അതിര്‍ത്തി വഴി നാല് മണിയോടെ അഭിനന്ദന്‍ ഇന്ത്യയില്‍ ; സ്വീകരിക്കാനൊരുങ്ങി രാജ്യം

പാക് പട്ടാളത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ നാല് മണിയോടെ ഇന്ത്യയിലെത്തും. അഭിനന്ദനെ ലാഹോറില്‍ എത്തിച്ചതായാണ് വിവരം. ഇവിടെ നിന്നും വൈകുന്നേരത്തോടെ വാഗ അതിര്‍ത്തിയിലെത്തുന്ന അഭിനന്ദനെ വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്‍ ഇന്ത്യയിലേക്ക് വരവേല്‍ക്കും. അഭിനന്ദന് വേണ്ടി വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ അഭിനന്ദനെ വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി തള്ളി.

റോഡ് ക്രോസിലേയും ഹൈക്കമ്മീഷനിലേയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അഭിനന്ദനെ അനുഗമിക്കുണ്ടെന്നാണ് സൂചന. വാഗയിലെത്തുന്ന അഭിനന്ദനെ റെഡ് ക്രോസ് ആയിരിക്കും സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടായിരിക്കും പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്. അതിന് ശേഷമാകും വാഗ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യയ്ക്ക് നല്‍കുക.

വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവര്‍ എത്തുന്നുണ്ട്. അഭിനന്ദന്റെ കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ അകലെ ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. മുംബൈയില്‍ നിന്നും ജമ്മുവില്‍ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

നേരത്തെ അഭിനന്ദന്‍ വര്‍ധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളിയിരുന്നു. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദേശം പാകിസ്ഥാന്‍ തള്ളുകയായിരുന്നു.