ഇന്ത്യാ പാക്ക് പ്രശ്നം ; ഇമ്രാന്‍ ഖാന് കയ്യടി ; മോദിക്ക് വിമര്‍ശനം

ഇന്ത്യന്‍ തിരിച്ചടിയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ പ്രശ്‌നത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വീകരിച്ച നടപടിയെ പുകഴ്ത്തി സുപ്രീം കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ട്വിറ്ററിലാണ് കട്ജുവിന്റെ പ്രതികരണം.’നേരത്തെ ഞാന്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശകനായിരുന്നു. എന്നാല്‍ ടി.വിയില്‍ അദ്ദേഹം നല്‍കിയ ബുദ്ധിപരമായ, സംയമനത്തോടെയുള്ള പ്രസംഗത്തിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറി.’ എന്നാണ് കട്ജുവിന്റെ ട്വീറ്റ്.

ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം ടെലിവിഷന്‍ അഭിസംബോധനയില്‍ അറിയിച്ചു. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ ഉടനടി തിരിച്ചടിച്ചില്ലെന്നും, രണ്ടു ഭാഗത്തും ദുരന്തം വിതയ്ക്കുന്നത് നിരുത്തവാദിത്തപരമാണെന്നും പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ഇവിടെ വരാമെങ്കില്‍ ഞങ്ങള്‍ക്ക് അവിടെയും വരാം എന്ന സന്ദേശം കൈമാറണമെന്ന് മാത്രമായിരുന്നു പാകിസ്ഥാന്‍ നടപടിയുടെ ഉദ്ദേശ്യം എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്രയും സങ്കീര്‍ണമായ അവസ്ഥയിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. പ്രധാനമന്ത്രിയായ മോദിയുടെ പ്രവര്‍ത്തി തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

നമ്മള്‍ തിരിച്ച് ഒരു ആക്രമണം നടത്തി. ഞങ്ങള്‍ ജവാന്മാരെയും പൈലറ്റുമാരെയും അഭിനന്ദിച്ചു. പാകിസ്താന്റെ എഫ് 16 വിമാനം നമ്മുടെ ധീരയോദ്ധാക്കള്‍ വെടിവെച്ചിട്ടു. ഇതിന് ശേഷം നമ്മുടെ പൈലറ്റ് അവരുടെ കസ്റ്റഡിയിലായി. ഈ സമയം ബിജെപി പ്രവര്‍ത്തകരുമായി സംവാദത്തിന് പോയ മോദിയുടെ പ്രവര്‍ത്തി ഞെട്ടിക്കുന്നതാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ബിജെപിയുടെ ബൂത്ത് സംവിധാനം ശക്തമാണെന്ന് താങ്കള്‍ പറഞ്ഞു. രാജ്യം ശക്തമായാല്‍ ഓരോ ബൂത്തുകളും കരുത്തുറ്റതാകുമെന്നാണ് താങ്കളോട് പറയാനുള്ളതെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ക്കിടെ മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദം വിവാദമായിരുന്നു.

ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണത്തോടെയാണ് ബിജെപി മോദി സംവാദത്തെ മുന്നോട്ട് വെച്ചത്. ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി സംസാരിക്കേണ്ട സമയത്ത് അദ്ദേഹം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

തങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയും പ്രവര്‍ത്തക സമിതിയോ?ഗം പോലും നിലവിലെ അവസ്ഥയില്‍ മാറ്റി വച്ചു. പക്ഷേ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി റെക്കോഡ് ഇടാനാണ് ഈ സമയത്തും മോദിക്ക് തിടക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ ബിഎസ്പി നേതാവ് മായാവതിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിമര്‍ശിച്ചിരുന്നു.