യുദ്ധമല്ല വേണ്ടത്; സോഷ്യല്‍ മീഡിയയിലെ യുദ്ധക്കൊതിയന് മേജർ ജനറൽ ജേക്കബ് തരകന്‍റെ മറുപടി
ഇന്ത്യാ പാക് സംഘര്‍ഷം അവസാനിക്കണം എങ്കില്‍ യുദ്ധമാണ് ഏക പോംവഴി എന്നാണു ചിലരുടെ അഭിപ്രായം. യുദ്ധം വേണ്ടാ എന്ന് പറയുന്നവരെ ദേശദ്രോഹികളും പാക്കിസ്ഥാന്‍ അനുകൂലികളും ആക്കി മാറ്റുകയും ചെയ്യാറുണ്ട് അവര്‍. സൈന്യത്തില്‍ സേവനം അനുഷ്ടിക്കുന്നവരെ പോലും ഈ സ്വയംഭൂ ദേശസ്‌നേഹികള്‍ വെറുതെ വിടുന്നില്ല.
ഏഷ്യാനെറ്റില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത മേജര്‍ ജനറല്‍ ജേക്കബ് തരകന്‍ യുദ്ധം വേണ്ടാ എന്ന് പറഞ്ഞത് ദഹിക്കാത്ത ഒരു പ്രേക്ഷകന്‍ ഈ നിലപാടിനെ വിമര്‍ശിച്ച് ഒരു സന്ദേശമയച്ചു.
‘ഈ രീതിയില്‍ സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അതിര്‍ത്തിയിലുള്ളതെങ്കില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുമായിരുന്നല്ലോ, ഇദ്ദേഹം വിരമിച്ചത് ഭാഗ്യം.’ എന്നാണു അയാള്‍ സന്ദേശം അയച്ചത്.
ഇതിന് മേജര്‍ ജനറല്‍ ജേക്കബ് തരകന്‍ നല്‍കിയ മറുപടി കുറിയ്ക്ക് കൊള്ളുന്നതാണ്.
”ഇങ്ങനെ ഒരു മെസേജ് അയച്ച ആ വ്യക്തിയോട് എനിക്ക് വിദ്വേഷമോ വിരോധമോ ഇല്ല. യുദ്ധകാലത്തുള്‍പ്പടെ 29 മാസം കാര്‍ഗിലില്‍ ഒരു യൂണിറ്റ് കമാന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ഞാന്‍. 43 മൃതദേഹം ഒരു ദിവസം ശവപ്പെട്ടിയില്‍ കയറ്റിയ ആളാണ്. യുദ്ധം എന്തെന്ന് എന്നോട് പറയരുത്. എനിക്കറിയാം, എന്താണ് യുദ്ധമെന്ന്!
അതിര്‍ത്തിയില്‍ ഒരു സൈനികനും ചര്‍ച്ചയ്ക്ക് നില്‍ക്കാറില്ല. നയതന്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതല്ല യുദ്ധം. അതിര്‍ത്തിയില്‍ നില്‍ക്കുന്ന ഒരു സൈനികന്റെ ദൗത്യം അതിര് കാക്കുക എന്നതാണ്. ശത്രുവിനെ നേരിടുക എന്നതും പരാജയപ്പെടുത്തുക എന്നതുമാണ്. പക്ഷേ അതാണോ ശാശ്വതമായ പരിഹാരം?
അനേകം വിധവകളെ, അനേകം അനാഥരെ ഉണ്ടാക്കാമെന്നല്ലാതെ യുദ്ധത്തിന് മറ്റൊന്നും ചെയ്യാനാകില്ല.
ഇന്ത്യ – പാക് സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം നേടണമെങ്കില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകണം. അല്ലാതെ വേറെ വഴിയില്ല.
ഇമ്രാന്‍ ഖാന്‍ സമാധാനത്തെക്കുറിച്ച് പാക് പാര്‍ലമെന്റില്‍ പ്രസംഗിച്ചത് ആസ്പദമാക്കി ഇന്ത്യ ചര്‍ച്ചയ്ക്ക് മുന്നോട്ടുപോകണം. പറയുക മാത്രമല്ല, ചെയ്തിയിലും കാര്യമുണ്ടെന്ന് പാകിസ്ഥാനെ ബോധ്യപ്പെടുത്താന്‍ അതേ വഴിയുള്ളൂ.
ഇന്ന് അടക്കം അതിര്‍ത്തിയില്‍ നടന്ന ആക്രമണങ്ങളും കണ്ടാല്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ പറയുന്നതും രണ്ടും രണ്ടാണ്. ഈ ഭീകരവാദികള്‍ ഇമ്രാന്‍ ഖാന്റെ നിയന്ത്രണത്തിലല്ല എന്നത് സുവ്യക്തമായ കാര്യമാണ്. അതുകൊണ്ട് കണക്കുകൂട്ടി നയതന്ത്രമേഖലയില്‍ ഇന്ത്യ മുന്നോട്ടുപോകണം. ശക്തമായ നടപടിയെടുക്കാതെ ചര്‍ച്ചയ്ക്കില്ല എന്ന ഇപ്പോഴത്തെ നിലപാടിലുറച്ച് നില്‍ക്കണം. പാകിസ്ഥാനെക്കൊണ്ട് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാക്കണം.
നമ്മുടെ അതിര്‍ത്തിയില്‍ വെടിയൊച്ചകളല്ല സമാധാനമാണ് വേണ്ടത്. അതിന് ആയുധം കൊണ്ട് മാത്രം കഴിയുമെന്ന് കരുതരുത്. അദ്ദേഹം പറയുന്നു.