പാക് സൈന്യം മാനസികമായി പീഡിപ്പിച്ചു : അഭിനന്ദന്‍ വര്‍ധമാന്‍
പിടിയിലായതിന് ശേഷം പാക് സൈന്യം തന്നെ മാനസികമായി പീഡിപ്പിച്ചതായി അഭിനന്ദന്‍ വര്‍ധമാന്റെ വെളിപ്പെടുത്തല്‍. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 27 നാണ് അഭിനന്ദന്‍ പാക് കസ്റ്റഡിയിലാകുന്നത്. അതിര്‍ത്തി കടന്നെത്തിയ പാക്‌പോര്‍ വിമാനങ്ങളെ വിജയകരമായി തുരത്തിയോടിച്ച അഭിനന്ദനന്റെ മിഗ് 21 വിമാനം ഒടുവില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തില്‍ നിന്നും പാരച്യൂട്ട് വഴി പാക് അതിര്‍ത്തിയിലിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അഭിനന്ദന്‍ പാരച്യൂട്ടില്‍ പറന്ന് ഇറങ്ങിയത്.
തുടര്‍ന്ന് ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അഭിനന്ദനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്നലെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ തോക്ക് തിരികെ തന്നില്ല. വാച്ച്, മോതിരം, കണ്ണട എന്നിവ എന്നിവ തിരിച്ച് തന്നെങ്കിലും തോക്ക് തിരികെ തരാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല.