കശ്മീര്‍ ഇന്ത്യയുടെ മാത്രം; ഇത് ഇന്ത്യയുടെ മാത്രം വിഷയം: വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന് (ഒഐസി) മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യം ഇന്ത്യയുടെ മാത്രം വിഷയമാണെന്നും ഇന്ത്യ അറിയിച്ചു. കശ്മീരിലെ ജനങ്ങളുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഒഐസി രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യ നിലപാടു വ്യക്തമാക്കിയത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളോട് അതില്‍നിന്നു പിന്മാറാന്‍ ആവശ്യപ്പെടണമെന്ന് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടനാ (ഒഐസി) സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീര്‍ വിഷയത്തില്‍ ഒഐസിയുടെ രാഷ്ട്രീയ പ്രമേയം കൊണ്ടുവരുന്നത്. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് സുസ്ഥിരവും പ്രശസ്തവുമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഒഐസി സമ്മേളനത്തില്‍ സുഷമാ സ്വരാജ് പാകിസ്താന്റെ പേരു പരാമര്‍ശിച്ചിരുന്നില്ല. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതത്തിനെതിരെയല്ലെന്നു സുഷമ വ്യക്തമാക്കി. ഇസ്ലാമിന്റെ അര്‍ഥം തന്നെ സമാധാനം എന്നാണെന്ന് സുഷമ പറഞ്ഞു. അല്ലാഹുവിന്റെ 99 പര്യായങ്ങളില്‍ ഒന്നിനു പോലും അക്രമം എന്ന അര്‍ഥമില്ല. സ്നേഹവും സാഹോദര്യവും സമാധാനവുമാണ് ഇസ്ലാമും മറ്റു മതങ്ങളും പഠിപ്പിക്കുന്നത്. ഭീകരതയ്ക്കു സാമ്പത്തിക സഹായം ചെയ്യരുതെന്ന് ആവശ്യപ്പെടണം. സൈനിക ശക്തിയിലൂടെയോ നയതന്ത്രജ്ഞതയിലൂടെയോ മാത്രം ഇതിനാവില്ലെന്നും സുഷമ പറഞ്ഞു.
ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. 1969ല്‍ മൊറോക്കോയില്‍ ഒഐസി രൂപീകരണ സമ്മേളനത്തില്‍ ഇന്ത്യയ്ക്കും ക്ഷണമുണ്ടായിരുന്നു. മുതിര്‍ന്ന കേന്ദ്ര മന്ത്രി ഫക്രുദീന്‍ അലി അഹമ്മദ് അവിടെ എത്തിയെങ്കിലും അപ്രതീക്ഷിതമായി ക്ഷണം റദ്ദാക്കിയതിനാല്‍ മടങ്ങി. പാക്കിസ്ഥാന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ഇന്ത്യയോടു ചെയ്ത കാര്യം 50 വര്‍ഷത്തിനു ശേഷം ഇക്കുറി യുഎഇ തിരുത്തുകയായിരുന്നു.