ബഥനി ആശ്രമം ശതാബ്ദി നിറവില്‍: ആഘോഷങ്ങള്‍ റോമിലും

റോം: പത്തനംതിട്ട റാന്നി പെരുനാട് മുണ്ടന്‍മലയില്‍ ദൈവദാസന്‍ പണിക്കരുവീട്ടില്‍ ഗീവര്ഗീസ് മാര്‍ ഇവാനിയോസ് തിരുമേനിയാല്‍ സ്ഥാപിതമായ മലങ്കരയിലെ ആദ്യ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമം അതിന്റെ സ്ഥാപനത്തിന്റെ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യൂറോപ്പിലും അമേരിക്കയിലും എത്യോപ്യയിലും പ്രേഷിതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 31 വൈദികര്‍ ആശ്രമ ശ്രേഷ്ഠന്മാരോടൊപ്പം പത്രോസിന്റെ പിന്‍ഗാമിയെ കണ്ടു അനുഗ്രഹം തേടി. 1919 ആഗസ്ത് മാസം 15 നു സമൂഹ സ്ഥാപകനും ആദ്യ അംഗങ്ങളും സന്യാസ സമര്‍പ്പണം നടത്തിയതിലൂടെ മുണ്ടന്‍മലയില്‍ കൊളുത്തപ്പെട്ട ബഥനി ദീപം മലങ്കരയില്‍ ആരംഭിച്ച ആത്മീയ നവോദ്ധാനത്തിന്റെ നൂറു വര്‍ഷങ്ങള്‍ പിന്നിടുന്നു.

ബഥനിയുടെ സുപ്പീരിയര്‍ ജനറല്‍ ഡോ. ജോസ് കുരുവിള ഒ.ഐ.സി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരായ ഡോ. ജോസ് മരിയദാസ് ഒ.ഐ.സി, ഡോ. മാത്യു ജേക്കബ് തിരുവാലില്‍ ഒ.ഐ.സി എന്നിവര്‍ അടങ്ങുന്ന സംഘം 2019 ഫെബ്രുവരി 24 മുതല്‍ 28 വരെ റോമില്‍ ഒരുമിച്ചു കൂടി. വിവിധ ആലോചനകളും കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തി. തുടര്‍ന്ന് പാശ്ചാത്യ സന്യാസ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന വിശുദ്ധ ബെനഡിക്ടിന്റെയും സഹോദരി സ്‌കോളാസ്റ്റിക്ക യുടെയും കബര്‍ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധമായ മോന്തേ കസിനോ (Monte Casino) എന്ന ആബ്ബി സന്ദര്‍ശിച്ചു അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്‌ളീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ഫെബ്രുവരി 27 ബുധനാഴ്ച ബഥനി ആശ്രമ അംഗങ്ങള്‍ സഭാതലവനോട് ഒരുമിച്ചു പത്രോസിന്റെ പിന്‍ഗാമി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു അനുഗ്രഹം വാങ്ങിയതും ഉപഹാരം സമര്‍പ്പിച്ചതും ബഥനിയുടെ സഭാപരവും ചരിത്രപരവുമായ നിയോഗത്തിന്റെ ഒരു വലിയ നാഴികക്കല്ലായി. പെരിയ ബഹുമാനപ്പെട്ട ജനറാളച്ചന്‍ മാര്‍പാപ്പയ്ക്ക് ബഥനിയുടെ ഉപഹാരം സമര്‍പ്പിച്ചു.

തുടര്‍ന്ന് സഭാതലവന്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്മികത്വത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ റോമിലെ പ്രഥമ ദേവാലയമായ മരിയ മജോരെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയില്‍ ബഥനി വൈദികരോടൊപ്പം റോമില്‍ പഠിക്കുന്ന മലങ്കര സഭയിലെ വിവിധ ഭദ്രാസനകളില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും അല്‍മായ പ്രമുഖരും സംബന്ധിച്ചു.

മലങ്കര സഭയുടെ പിള്ളത്തൊട്ടില്‍ എന്ന് അറിയപ്പെടുന്ന ബഥനി ആശ്രമം 1966 ല്‍ പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ബഥനിക്കു 2000 ആണ്ടില്‍ 2 പ്രൊവിന്‍സുകള്‍ രൂപപ്പെട്ടു. ഇന്ന് നാല് ഭൂഖണ്ഡങ്ങളിലായി ഇന്‍ഡ്യ, അമേരിക്ക, ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ്, ബെല്‍ജിയം, എത്യോപ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഥനിയാണ് ഇന്നുള്ള മലങ്കര സഭയുടെ വിവിധ ഭദ്രാസനകളുടെ അടിസ്ഥാനവും ആരംഭവും എന്നതാണ് ചരിത്ര യാഥാര്‍ഥ്യം.