ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ഇ പി ജയരാജന്‍

കൊല്ലം : ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നു മന്ത്രി ഇ പി ജയരാജന്‍. പെരിയ കൊലപാതകവും ഇത് പോലെ തന്നെ ആയിരുന്നുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയത് പെരിയ ഇരട്ടക്കൊലകേസിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്റെ കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം രംഗത്തുവന്നിരുന്നു.

കപ്പ വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരി അഫ്താബീവി വ്യക്തമാക്കി. തുടര്‍ന്നാണ് ബന്ധുക്കളുടെ വാദം ശരിവെച്ച് കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം, കൊലപാതകം പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്‍ പൊലീസിന് മൊഴി നല്‍കി. തെളിവെടുപ്പിനിടെയാണ് ഷാജഹാന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ എത്തിയ സമയത്ത് ബഷീര്‍ കുളിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് പ്രതിയെ ബഷീറിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ് ഷാജഹാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ഇപ്പോഴും ആരോപണം ഉന്നയിക്കുന്നത്. പ്രതി ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സിപിഎം പറയുന്നു. ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കടയ്ക്കലില്‍ സിപിഎം പ്രതിഷേധ പ്രകടനവും ഹര്‍ത്താലും നടത്തിയിരുന്നു.