ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ ; നാളെ പ്രത്യേക മന്ത്രിസഭായോഗം
ഇടുക്കി : ഇടുക്കിയില്‍ തുടരുന്ന കര്‍ഷക ആത്മഹത്യയുടെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. ഇടുക്കിയില്‍ മാത്രം പതിനയ്യായിരം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചത്. ഇവരില്‍ പലരും ആത്മഹത്യയുടെ വക്കിലായ സാഹചര്യത്തില്‍ എന്ത് പരിഹാരം കണ്ടെത്താനാകും എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.
കാര്‍ഷിക കടങ്ങള്‍ മാത്രമല്ല കൃഷി അനുബന്ധമായി എടുത്ത കടങ്ങളും ഉണ്ട്. ഇത്തരം കടങ്ങള്‍ക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കാന്‍ ബാങ്കുകള്‍ മുതിരുന്ന സാഹചര്യവുമുണ്ട്. ഇത് പ്രത്യേകം വിലയിരുത്തും. കൂടാതെ വരുന്ന ബുധനാഴ്ച ബാങ്കുകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
ബാങ്കുകള്‍ കൃഷി വായ്പ എടുത്തവര്‍ക്ക് അല്ല നോട്ടീസ് അയക്കുന്നതെന്നും സര്‍ഫാസി നടപടികളില്‍ നിന്ന് പിന്മാറണമെന്നും വിഎസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ജപ്തി നോട്ടീസ് കിട്ടുന്നവര്‍ ഭയപ്പെടരുതെന്നും സര്‍ക്കാര്‍ വേണ്ട നടപടി എടുക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.
കാര്‍ഷിക വായ്പകളില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. സാവകാശം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനേയും നബാര്‍ഡിനേയും സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 12ന് റിസര്‍വ് ബാങ്ക് പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത് ഏഴ് കര്‍ഷകരാണ്.തൃശ്ശൂര്‍ മാളയിലാണ് അവസാനമായി കേരളത്തില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൃശൂര്‍ മാള കുഴൂരില്‍ പാറാശ്ശേരി ജിജോയാണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം.