ഐസ്ക്രീം പാര്‍ലര്‍ കേസ് ; കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ ഇനി തുടരന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വി എസ് അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വി എസിന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അവസാനിപ്പിക്കുന്നതിനെതിരെയാണ് വി എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചത്. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചതാണ്.

കേസിന് മേല്‍നോട്ടം വഹിച്ചത് കോടതിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്ന് തെളിവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷണിക്കണമെന്നായിരുന്നു വി എസ് ആവശ്യപ്പെട്ടത്.

ഭരണമാറ്റം കേസ് അന്വേഷണത്തെ ബാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിനുമേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിയുടെ മന്ത്രി സ്ഥാനം തന്നെ തെറിക്കാന്‍ കാരണമായതാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്.