കുറഞ്ഞ ചെലവില്‍ ഡാറ്റ; വികസിത രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യക്ക് ഒന്നാംസ്ഥാനം

വികസിത രാജ്യങ്ങളെ പിന്നിലാക്കി കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം. ഒരു ജിബി ഡാറ്റയ്ക്ക് 0.26 ഡോളര്‍(18.41 രൂപ) ആണ് ഇന്ത്യയിലെ ശരാശരി ചിലവ്. അതേസമയം അമേരിക്കയില്‍ 12.37 ഡോളറാണ് (840 രൂപയ്ക്ക് മുകളില്‍ ) ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്ന ശരാശരി തുക. ഇന്ത്യ കഴിഞ്ഞാല്‍ കിര്‍ഗിസ്താന്‍, ഖസാക്കിസ്താൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

ലോകത്ത് ഏഷ്യന്‍ രാജ്യങ്ങളിലാണ് ഡാറ്റ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നത്. കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളതും ഏഷ്യയില്‍ ഇന്ത്യയുടെ പിറകിലുള്ളതും ശ്രീലങ്കയാണ്. 0.78 ഡോളറാണ് (55 ഇന്ത്യന്‍ രൂപ) ശ്രീലങ്കയില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ശരാശരി ചിലവ്.

അതേസമയം പട്ടികയില്‍ 136 സ്ഥാനത്താണ് ബ്രിട്ടന്‍. പശ്ചിമ യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ ലഭിക്കുന്നത് ഫിന്‍ലാന്‍ഡിലാണ്. കേബിള്‍.കോ.യുകെ വെബ്‌സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്ത കണക്കുകള്‍ പുറത്തുവിട്ടത്.

എന്നാല്‍ സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ദക്ഷണി കൊറിയ, ജപ്പാന്‍, ചൈന, പോലുള്ള രാജ്യങ്ങളില്‍ ഡാറ്റയ്ക്ക് നല്ലൊരു തുക മുടക്കേണ്ടതായിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന സാങ്കേതിക അവബോധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ വിശാലമായ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് എന്നും വിപണിയില്‍ മത്സരം ശക്തമാണ്. അതുകൊണ്ടു തന്നെ ഡാറ്റയ്ക്ക് വലിയ അളവില്‍ വില കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.