അഭിപ്രായം പറയുന്നവരൊക്കെ രാജ്യ ദ്രോഹികളാകുമോ?
കാരൂര്‍ സോമന്‍
വിങ് കമാന്‍ഡര്‍ അഭിനന്ദന് അഭിനന്ദനങ്ങള്‍ ഒപ്പം ഇന്ത്യന്‍ സൈന്യത്തിനും.
കാറല്‍ മാക്‌സ് മതം കറുപ്പാണ് എന്നും സാഹിത്യകാരന്‍ പൊന്‍കുന്നം വര്‍ക്കി മത പുരോഹിതരെ കരി വാരി തേക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അതിന് കൊടുത്ത മറുപടി ‘ആ കരി ഞാന്‍ തേച്ചതല്ല. അതവരുടെ മുഖത്തുള്ളതാണ്’. ഇപ്പോള്‍ നടക്കുന്ന ഇന്‍ഡോ-പാക് ഏറ്റുമുട്ടലുകള്‍ കാണുമ്പൊള്‍ ഇതാണ് ഓര്‍മ്മ വരുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി പൊന്‍കുന്നം വര്‍ക്കിയില്‍ ചാര്‍ത്തിയ കുറ്റം ജനങ്ങളെ വര്‍ഗ്ഗ സമരത്തിന് പ്രരിപ്പിക്കുന്നു എന്നതായിരിന്നു. വര്‍ക്കിയെ ജയിലില്‍ അടച്ചു. അതുപോലെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മറ്റ് ഏതെങ്കിലും സാഹിത്യകാരന്മാര്‍, അഭിപ്രായം പറയുന്നവര്‍ വര്‍ക്കിയെപോലെ ജയിലില്‍ പോകേണ്ടിവരുമോ? സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാര്‍ മാളത്തില്‍ ഒളിക്കുന്നവരല്ല.
ഹിറ്റ്‌ലറും സ്റ്റാലിനും മതത്തിന്റെ പേരില്‍ ധാരാളം പാവങ്ങളെ കൊന്നൊടുക്കിയതുപോലെ പാകിസ്താന്റെ ചരിത്രത്താളുകളില്‍ ധാരാളം ക്രിസ്തിയാനികളെ കൊന്നൊടുക്കിയിട്ടുണ്ട്. ആ ഒരു മത ഭ്രാന്ത് അല്ലെങ്കില്‍ ആ കരി അവരുടെ മുഖത്തുള്ളത് ഇന്ത്യയിലെ ഹിന്ദുക്കളോടും അവര്‍ വെച്ചുപുലര്‍ത്തുണ്ട്. ആ സോക്കേട് ഇന്നു തുടങ്ങിയതല്ല. ഇന്ത്യ-പാക് വിഭജനം മുതലേ നമ്മള്‍ കണ്ടതാണ്. ഈ മത മനോരോഗികള്‍ ഭരണത്തിലായാല്‍ മറ്റുള്ളവരുടെ മേല്‍ എന്തും അടിച്ചേല്‍പ്പിക്കുക, തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുക, തെറ്റിധരിപ്പിക്കുക, എന്തും അസഹിഷ്ണതയോട് കാണുക, ഭിന്നിപ്പിച്ചു് ഭരിക്കുക ഇതൊക്കെ അവരുടെ സ്വഭാവവിശേഷങ്ങളാണ്. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ഈ കുട്ടര്‍ക്ക് പാകിസ്ഥാനില്‍ പട്ടാള0 മാത്രമല്ല മത പൗരോഹിത്യവും കൂട്ടിനുണ്ട്. ഓരൊരൊ സാമ്പ്രജ്യങ്ങള്‍ മനുഷ്യരെ കൊന്നൊടുക്കി അധികാരം നിലനിര്‍ത്തിയതുപോലെ ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോരോ കൃത്രിമ പദ്ധതികള്‍ തയ്യാറാക്കി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ചെപ്പടി വിദ്യക്കാരന്‍ അമ്പലം വീഴുങ്ങുന്ന ഒരവസ്ഥ. ഇതൊക്കെ വിദ്യാസമ്പന്നരല്ലാത്ത, ദരിദ്ര രാജ്യങ്ങളില്‍ നടക്കുന്ന ഒരു കാഴ്ചയാണ്.
ഇന്ത്യ ആര് ഭരിച്ചാലും ഇന്ത്യകാരന്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമായും കടന്നു വരുന്നത് ഇന്ത്യന്‍ പട്ടാളം, കാഷ്മീരി ജനത സുരക്ഷിതരാണോ എന്നുള്ളതാണ്. എന്തുകൊണ്ട് ഒരു കാഷ്മീരി പൗരന്‍ സ്വന്തം പട്ടാളക്കാരെ കൊന്നൊടുക്കാന്‍ ഒരു ചാവേറായി വന്നു? അവിടെ തീവ്രവാദം വളര്ത്തുന്നത് ആരാണ്? അവരുടെ മുറിവുകളുണക്കാന്‍ നമ്മള്‍ എന്ത് ചെയ്തു? എന്തുകൊണ്ടാണ് നമ്മുടെ കാവല്‍ ഭടന്മാര്‍ ശത്രു ശക്തികളാല്‍ ജീവന്‍ വെടിയുന്നത്? ആരാണ് യുദ്ധ ഭീതി പരത്തുന്നത്? ആരാണ് ഈ രക്തച്ചൊരിച്ചിലിനെ രാഷ്ട്രീയവത്കരിക്കുന്നത്? പുല്‍വാമ ആക്രമണത്തില്‍ 40 ജീവന്‍ രക്തത്തില്‍ പിടഞ്ഞു മരിച്ചു. എത്രയോ മാതാപിതാക്കള്‍, ഭാര്യമാര്‍, മക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇതുപോലെ ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ അതിര്‍ത്തികളില്‍ നടക്കുന്നു. എന്തുകൊണ്ടാണിത് തുടരുന്നത്? ആരാണ് ഇതിനുത്തരവാദികള്‍? പുല്‍വാമ സംഭവത്തിന്റെ വിശദംശങ്ങള്‍ ഒരാള്‍ ചോദിച്ചാല്‍ അതെങ്ങനെ രാജ്യദ്രോഹമാകും? ഇറാക്ക് യുദ്ധ കാലത്തു ഞാന്‍ സൗദിയിലുണ്ടായിരുന്നു. എല്ല ദിവസവും സായം സന്ധ്യകളില്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക മേധാവികള്‍ അന്നന്നു നടക്കുന്ന സംഭവവികാസങ്ങളെ മധ്യമങ്ങളുടെ, ജനങ്ങളുടെ മുന്നില്‍ വിശദികരിക്കുമായിരിന്നു. അപ്പോഴു0 മധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിന്നു. ഇതൊക്കെ വിശദികരിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ഒരു പൗരന് ഇതൊക്കെ അറിയാന്‍, ചോദിക്കാന്‍ അവകാശമില്ലേ? പാകിസ്ഥാന്‍ നടത്തുന്ന സൈനിക നീക്കത്തിന് മുന്നില്‍ എത്ര നാള്‍ ഇന്ത്യ മൗനിയായി തുടരും?
ലോകത്തു് ഏറ്റവും കൂടുതല്‍ നുണ ഉല്പാദിപ്പിക്കുന്ന രാജ്യ0 മാത്രമല്ല ഏറ്റവും കൂടുതല്‍ ചാവേറുകളെ ഉല്പാദിപ്പിക്കുന്ന രാജ്യ0 കൂടിയാണ് പാകിസ്ഥാന്‍. അവരുടെ ചാവേറുകള്‍ ലോകത്തു എല്ലായിടവുമുണ്ട്. അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാകട്ടെ ലക്ഷകണക്കിന് ഡോളറാണ്. ഈ ചാവേറുകളെ, തീവ്രവാദികളെ ഉത്പാദിപ്പതിക്കുന്ന ഫാക്ടറികളാണ് പാകിസ്ഥാന്‍ കാഷ്മീരിലുള്ളത്. ഇവര്‍ക് സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യയ്ടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളാണ്. ഈ കൂട്ടരാണ് വെള്ളരി പ്രാവുകളായി ഇന്ത്യയുടെ മുന്നില്‍ പ്രത്യക്ഷപെടുന്നത്. അവര്‍ ഭരണകൂടത്തിന് പണം കൊടുക്കുന്നത് ആതുര- സേവന -മത പഠനം എന്ന പേരിലെങ്കിലും ആ പണം അവരുടെ അറിവോടെ അല്ലെങ്കില്‍ അറിവില്ലാതെ ചെന്നത്തുന്നത് ഈ മത ഭ്രാന്തന്മാരുടെ കൈകളിലാണ്. പെട്രോള്‍ ഉത്പന്നങ്ങള്‍ വഴി ഗള്‍ഫില്‍ സമ്പത്തുണ്ടായ കാലം മുതലാണ് പാകിസ്ഥാനില്‍ ചാവേര്‍ ഫാക്ടറികള്‍ വളര്‍ന്നത്. ഒസാമ ബില്‍ ലാദന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒളുവില്‍ പോയ സമയം അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന് ഞാനൊരു കത്തയച്ചു. ഈ മത ഭ്രാന്തന്‍ പാകിസ്ഥാനിലുണ്ടെന്ന്. അത് അദ്ദേഹത്തിന് കിട്ടിയോ ഇല്ലയോ എന്നത് എനിക്കറിയില്ല. പാകിസ്ഥാന്‍ മതതീവ്രവാദികളുടെ കോട്ടയും ഒളിസങ്കേതവുമെന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം നമ്മുടെ വിദേശ നയം വിജയമോ പരാജയമോ എന്നത് അഗാധമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ഒപ്പം എന്നത് മിഥ്യയാണ്. പാകിസ്താനിലെ ഭികര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ലോകത്തു് ഏറ്റവും കൂടുതല്‍ നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന യുദ്ധ ഫാക്ടറികളുള്ളതും അമേരിക്കയിലാണ്. ഈ ഫാക്ടറികളുള്ളവര്‍ക് യുദ്ധ0 അനിവാര്യമാണ്. ഏത് രാജ്യം യുദ്ധ0 ചെയ്താലും അവരുടെ യുദ്ധ0 നീതിയാണ്. അത് അനീതിയല്ല. ചുടുചോരയുടെ, മരണത്തിന്റെ മണം, മുഖം അരമനകളിലിരിക്കുന്ന യുദ്ധക്കൊതിയന്മാര്‍ ഓര്‍ക്കാറില്ല. മനുഷ്യക്കോല നടത്തുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചാല്‍ തീര്‍ച്ചയായും ഭൂമിയില്‍ സമാധാനമുണ്ടാകും. അതുപോലെ ചൈന ശ്രമിച്ചാല്‍ പാകിസ്താനെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കും. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ചൈനയുമായി കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടിയിരിക്കുന്നു. അതിനാണ് ഇന്ത്യ മുന്‍കൈ എടുക്കേണ്ടത്. ഇന്ത്യ ഭികരരുടെ താവളമല്ല തകര്‍ക്കേണ്ടത് മറിച്ചു് അവരുടെ തലയാണ്. അതിനുള്ള തന്ത്രങ്ങളും പോരാട്ടവുമാണ് നടത്തേണ്ടത് അല്ലാതെ മിസ്സയിലും ബോംബുമല്ല. ആഗോള മനസാക്ഷിയെക്കാള്‍, വോട്ടിന്റ വലുപ്പത്തേക്കാള്‍ ഭാരതിയെന്റെ, പട്ടാളക്കാരന്റെ മനസ്സാണ് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടത്.