സഖ്യമില്ല ; ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കും : കോണ്ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ആംആദ്മിയുമായുള്ള സഖ്യ സാധ്യത കോണ്‍ഗ്രസ് ഉപേക്ഷിച്ചതെന്നാണ് വിവരം.

ആംആദ്മിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരു പാര്‍ട്ടികളും മൂന്ന് വീതം സീറ്റുകളിലും ഒരു സീറ്റ് പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിക്കും നല്‍കുന്ന രീതിയില്‍ ആണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോണ്‍ഗ്രസ്-ആംആദ്മി സംഖ്യത്തെ കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുന്നതായും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ചയിലൂടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നുമായിരുന്നു വിവരം. എന്നാല്‍ ഡിപിസിസി അംഗങ്ങള്‍ എതിര്‍ത്തതോടെ സഖ്യത്തിനുള്ള സാധ്യത അവസാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ്-ആംആദ്മി സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡിപിസിസി അംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ആംആദ്മിയുമായി സഖ്യം വേണ്ട എന്ന തീരുമാനമുണ്ടായത്. ഡിപിസിസി അംഗങ്ങളില്‍ ഭൂരിഭാഗവും സഖ്യത്തെ എതിര്‍ത്തതായാണ് വിവരം.