നിയമസഭകൾ പിരിച്ചുവിട്ടു മഹാരാഷ്ട്ര , ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി
മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ നിലവിലെ നിയമസഭ പിരിച്ചുവിട്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താന്‍ ബിജെപിയില്‍ ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുമ്പോഴാണ് ബിജെപിയുടെ നീക്കം.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടത്തണം എന്നാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും നിലപാട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളുടെ കാലാവധിയും ഈ വര്‍ഷം തീരും. ഈ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് വേണോ എന്ന ആലോചന ബിജെപി തുടങ്ങിയെന്ന സൂചനകളാണ് ഇന്ന് പുറത്തു വന്നത്.
ഇക്കാര്യത്തില്‍ നാളെ രാഷ്ട്രീയ തീരുമാനം ഉണ്ടായേക്കും. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്താനുള്ള ആത്മവിശ്വാസം നല്‍കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം നാളെയോ മറ്റന്നാളോ ദില്ലിയില്‍ ചേരുമെന്നാണ് സൂചന. ശനിയാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.