വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന കേസില്‍ സിപിഎം നേതാവ് പിടിയില്‍

ഐടിഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഒളിവില്‍ പോയ സിപിഎം നേതാവ് കസ്റ്റഡിയില്‍. സിപിഎം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയാണ് കസ്റ്റഡിയില്‍ ഉള്ളത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. അല്‍പസമയത്തിനകം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന സംഘത്തിലെ പ്രധാനിയായിരുന്നു സരസന്‍പിള്ളയെന്ന് രഞ്ജിത്തിന്റെ കുടുംബവും അയല്‍വാസികളും അടക്കമുള്ളവര്‍ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ രഞ്ജിത്ത് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലോക്കല്‍ പൊലീസ് മുഖാന്തരം സരസന്‍പിള്ള രഞ്ജിത്തിന്റെ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രഞ്ജിത്തിന്റെ മരണത്തോടെ സംഭവം വിവാദമായപ്പോള്‍ സരസന്‍പിള്ള ഒളിവില്‍ പോയി. മാധ്യമങ്ങളില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍ന്ന ശേഷമാണ് ഇയാളെ കേസില്‍ പ്രതിയാക്കാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍ അപ്പോഴേക്കും സരസന്‍പിള്ള ഒളിവില്‍ പോയിരുന്നു.

രഞ്ജിത്ത് മരണപ്പെട്ട് അടുത്ത ദിവസം തന്നെ കേസിലെ ഒന്നാം പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇത്രദിവസമായിട്ടും സരസന്‍പിള്ളയെ അറസ്റ്റ് ചെയ്യാഞ്ഞത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം സരസന്‍പിള്ളയുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്.