ആഗോള കോടീശ്വരന്‍ ; ആമസോൺ തലവൻ ഒന്നാമന്‍ ; ഇന്ത്യയില്‍ അംബാനി ; എട്ടു മലയാളികളും പട്ടികയില്‍

ആഗോള ശതകോടീശ്വരന്മാരുടെ പുതിയ പട്ടികയില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തിയപ്പോള്‍ ചരിത്രത്തിലാദ്യമായി എട്ട് മലയാളികളും ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി.

ഓണ്‍ലൈന്‍ വ്യാപാരഭീമന്‍ ആമസോണിന്റെ തലവന്‍ ജെഫ് ബെസോസ്സ് 13,100 കോടി ഡോളറിന്റെ ആസ്തിയുമായാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 9,650 കോടി ഡോളര്‍ സമ്പത്തുമായി മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സാണ് രണ്ടാം സ്ഥാനത്ത്. ബെര്‍ക് ഷെയര്‍ ഹാത്‌വേ ഗ്രൂപ്പ് മേധാവി വാറന്‍ ബഫറ്റ്, എല്‍വിഎംഎച്ച് ഗ്രൂപ്പ് സിഇഒ ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡ് എന്നിവരാണ് ഇവര്‍ക്ക് പിന്നിലുള്ളത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് എട്ടാം സ്ഥാനത്തും ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ് പത്താം സ്ഥാനത്തുമുണ്ട്.

5000 കോടി ഡോളര്‍ ആസ്തിയുമായി ഇന്ത്യയുടെ ഒന്നാമത്തെ കോടീശ്വരനായി മാറിയ മുകേഷ് അംബാനി ആഗോള പട്ടികയില്‍ പക്ഷേ 13-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 19-ാം സ്ഥാനത്തായിരുന്നു മുകേഷ്. റിലയന്‍സ് ജിയോയുടെ കുതിപ്പിനൊപ്പം ഇന്ധന വ്യാപാരരം?ഗത്ത് നിന്നുള്ള വര്‍ധിച്ച വരുമാനം മുകേഷിന്റെ കുതിപ്പിന് കരുത്തേകി. വിപ്രോയുടെ അസിം പ്രേംജി, എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍, ആഴ്‌സണല്‍ മിത്തല്‍ തലവന്‍ ലക്ഷ്മി മിത്തല്‍ എന്നിവരാണ് മുകേഷിന് പിറകില്‍ വരുന്ന ഇന്ത്യന്‍ സമ്പന്നര്‍.

രാജ്യത്തെ ആദ്യ ഇരുപത് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഏക മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ്. ഇന്ത്യന്‍ സമ്പന്നരില്‍ 19-ാം സ്ഥാനത്താണ് യൂസഫലിയുള്ളത്.ആഗോള പട്ടികയില്‍ 394ആം സ്ഥാനത്തും. ആഗോളപട്ടികയില്‍ 529-ാം സ്ഥാനവുമായി ആര്‍ പി ഗ്രൂപ്പ് മേധാവി രവി പിള്ള, 962-ാം റാങ്കുമായി ജെംസ് എഡ്യുക്കേഷന്‍ തലവന്‍ സണ്ണി വര്‍ക്കി, 1057-ാം സ്ഥാനത്ത് ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, 1605-ാം സ്ഥാനത്ത് ഇന്‍ഫോസിസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഷിബുലാല്‍ എന്നിവരുണ്ട്. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍ 1605 സ്ഥാനത്താണ്. കല്ല്യണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ടി എസ് കല്ല്യാണരാമന്‍ 1818ആം സ്ഥാനത്ത് എത്തി.ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോനും പട്ടികയില്‍ ഇടം കണ്ടെത്തി.

ഫോബ്‌സ് ആണ് ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ പട്ടിക പുറത്തു വിടുന്നത്.