ജലീലിനെ പിടികിട്ടാപ്പുള്ളിയാക്കിയത് വെടിവെച്ചു കൊന്നതിന് ശേഷമെന്ന് സഹോദരന്‍

കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ജലീലിനെ പിടികിട്ടാപ്പുള്ളിയാക്കിയത് വെടിവെച്ചു കൊന്നതിന് ശേഷമെന്ന് സഹോദരന്‍. ഇന്ന് രാവിലെയാണ് വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് അംഗം ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വയനാട് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടുമായി നടത്തിയ ഏറ്റമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസ് നല്‍കിയ ഔദ്യോഗിക വിശദീകരണം.

മാവോയിസ്റ്റ് ഗ്രൂപ്പിലെ കബനീദളം അംഗമായ ജലീലാണ് കൊല്ലപ്പെട്ടതെന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സ്ഥിരീകരണമുണ്ടായത്. മറ്റൊരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതാരാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.

ജലീലിന്റെ മൃതദേഹത്തിന്റെ കിടപ്പും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ വ്യാജഏറ്റുമുട്ടലാണോ നടന്നതെന്ന സംശയം ഉണ്ടെന്ന് ജലീലിന്റെ ജേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സി പി റഷീദ് പറയുന്നു. മാവോയിസത്തിന് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുമുണ്ട്. അതില്‍ ആകൃഷ്ടനായി പ്രവര്‍ത്തിച്ചു വന്നിരുന്ന ജലീലിനെതിരെ ഒരു കേസു പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റഷീദ് ട്വന്റിഫോറിനോട് പറഞ്ഞു.

പിടികിട്ടാപ്പുള്ളിയാക്കിയത് വെടിവെച്ചു കൊന്നതിന് ശേഷമാണ്. അവനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പൊലീസ് പ്രവര്‍ത്തിച്ചത്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ജലീലിനെ അറസ്റ്റു ചെയ്താല്‍ മതിയായിരുന്നു. അല്ലെങ്കില്‍ മുട്ടിന് താഴെ വെടിവെയ്ക്കാമായിരുന്നു.

സഹോദരന്‍ എന്നതിലുപരി സാമൂഹിക, കലാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനനിരതനായിരുന്ന ഒരു ആക്ടിവിസ്റ്റിനെ കൊന്നു തള്ളിയതിനെ ചോദ്യം ചെയ്യുകയാണ് റഷീദ്.