വയനാട് ; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ മൊഴി. പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് തെളിക്കുകയാണ് റിസോര്‍ട്ട് ജീവനക്കാര്‍. ആദ്യം വെടിയുതിര്‍ത്തത് പോലീസെന്നും മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും റിസോര്‍ട്ട് മാനേജര്‍മാര്‍ പറഞ്ഞു. വെടിവെപ്പിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിരുന്നില്ല.

ആദ്യം പോലീസിന് നേരെ വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളെന്ന പോലീസ് വാദം പൂര്‍ണ്ണമായി തളളുന്നതാണ് റിസോര്‍ട്ട് മാനേജര്‍മാരായ രഞ്ചിത്തിന്റേയും ഫിറോസിന്റെയും പ്രതികരണം.പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തതല്ല.റിസോര്‍ട്ടിലെത്തിയ ഉടനെ മാവോയിസ്റ്റുകള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തത് പോലീസാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു ജീവനക്കാരന്‍ രഞ്ചിത്ത് പറഞ്ഞു. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഏറെ പ്രതിരോധത്തിലാക്കിയ പൊലീസിനെ വീണ്ടും ആരോപണങ്ങളിലേക്ക് തളളിവിടുന്നതാണ് ലക്കിടി മാവോയിസ്റ്റ് വെടിവെപ്പ്.

അതേസമയം തലയ്‌ക്കേറ്റ വെടിയാണ് മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 10 മിനിറ്റോളം മോര്‍ച്ചറിക്ക് മുന്നില്‍ പൊതുദര്‍ശത്തിന് വെച്ചതിന് ശേഷം മൃതദേഹം പൊലീസ് അകമ്പടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

സി പി ജലീലിന്റെ സുഹൃത്തുക്കളടക്കം ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് മോര്‍ച്ചറിക്ക് മുന്നിലെത്തിയിരുന്നു.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ പൊലീസ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.

പൊലീസ് വെടിവെപ്പില്‍ ജലീലിന്റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തലയ്ക്ക് പിന്നിലേറ്റ വെടി തലയോട്ടി തകര്‍ത്ത് പുറത്തുപോയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ടര്‍പഞ്ചര്‍ എന്ന തോക്കും അതില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും കണ്ടെത്തിയിരുന്നു.