കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം മുതിർന്ന നേതാക്കൾ ഡൽഹിയിലേക്ക്

ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ നാളെ ഡല്‍ഹിയിലേക്ക്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനുശേഷം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമാകും.

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയോടെ ഡല്‍ഹിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമോയെന്ന കാര്യത്തിലും ഹൈക്കമാന്റ് തീരുമാനമാകും നിര്‍ണായകമാവുക.

സാധ്യതാ പട്ടികയുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നാളെ സല്‍ഹിക്കു പോകും. സിറ്റിംഗ് സീറ്റുകളിലേക്ക് സംസ്ഥാന ഘടകം പാനല്‍ നല്‍കില്ല.

മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്റ് തീരുമാനം നിര്‍ണായകമാകും. മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ ഇവരും മത്സര രംഗത്തുണ്ടാകും.

എ പി അബ്ദുള്ളക്കുട്ടിയുടെ പേരും പട്ടികയിലുണ്ട്. കണ്ണൂരില്‍ കെ സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. എം എം ഹസന്‍, ടി സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് വയനാട് പരിഗണിക്കപ്പെടുന്നവര്‍. ചാലക്കുടിയില്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെയും തൃശൂരില്‍ വി എം സുധീരന്റെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

രണ്ടിടത്തും ടി എന്‍ പ്രതാപന്റെ പേരും പട്ടികയിലുണ്ട്. രമ്യാ ഹരിദാസ്, കെ എ തുളസി, സുനില്‍ ലാലൂര്‍ എന്നിവരാണ് ആലത്തൂരിലെ പട്ടികയില്‍. പാലക്കാട് വി കെ ശ്രീകണ്ഠനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും പ്രഥമ പരിഗണയിലുണ്ട്. ഡീന്‍ കുര്യാക്കോസിനെയും ജോസഫ് വാഴക്കനെയും ഇടുക്കിയിലേക്ക് പരിഗണിക്കുമ്പോഴും മുന്‍തൂക്കം നല്‍കുന്നത് ഉമ്മന്‍ചാണ്ടിക്കാണ്.