മദ്യപിച്ചത് ചോദ്യംചെയ്ത ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

ഭര്‍ത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ഇവിടെ നിഹാര്‍ വിഹാറില്‍ വാടക വീട്ടില്‍ താമസിക്കുന്ന 30 കാരനായ പ്രേം സിംഗ് എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 28 കാരിയായ ബബ്ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവ ദിവസം മദ്യപിച്ച് ബഹളം വെച്ച പ്രേമിനെ ഭാര്യ ചോദ്യം ചെയ്തു. ഇതില്‍ കുപിതനായ പ്രേം, ബബ്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയ പ്രേം പിറ്റേ ദിവസം രാവിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.