സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവം ; മുഖ്യമന്ത്രിയുടെ മൗനം സംശയകരം : രമേശ് ചെന്നിത്തല

മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം സംശയകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് വൈത്തിരി-കോഴിക്കോട് റോഡിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് ജലീല്‍ കൊല്ലപ്പെടുന്നത്.

ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പൊലീസിനേയും തണ്ടര്‍ബോള്‍ട്ടിനേയും റിസോര്‍ട്ട് ജീവനക്കാര്‍ വിളിച്ചു വരുത്തുകയായിരുന്നു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റാണെന്നാണ് പൊലീസ് ഭാഷ്യം. ഇത് തള്ളി റിസോര്‍ട്ട് മാനേജര്‍ രംഗത്തെത്തിയെങ്കിലും പിന്നീട് തീരുത്തിയിരുന്നു.

പൊലീസാണ് ആദ്യം വെടിവെച്ചതെന്നു പറഞ്ഞ മാനേജര്‍ പിന്നീട് സംഭവം നടക്കുമ്പോള്‍ താന്‍ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പറഞ്ഞത്. പൊലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് ഇയാള്‍ വാക്കുമാറ്റയതെന്ന ആരോപണവും ഉയര്‍ന്നു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ കഴിഞ്ഞ നാല് വര്‍ഷമായി മാവോയിസ്റ്റ് സംഘത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. കബനീദളം ഗ്രൂപ്പിലെ അംഗമായിരുന്നു ജലീല്‍. ഇന്നലെ പാണ്ടിക്കാട്ടെ വീട്ടുവളപ്പിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും അനുഭാവികളും ചടങ്ങില്‍ പങ്കെടുത്തു. കര്‍ശന ഉപാധികളോടെയായിരുന്നു ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.