തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി ; കേരളത്തില്‍ ഏപ്രില്‍ 23 ന് ; ഫലപ്രഖ്യാപനം മെയ് 23ന്
രാജ്യം വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രില്‍ പതിനെട്ടിനും മൂന്നാം ഘട്ടം ഏപ്രില്‍ 23 നും നടക്കും. ഏപ്രില്‍ 29 നാണ് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക. അഞ്ചും ആറും ഏഴും യഥാക്രമം മെയ് ആറ്, മെയ് 12, മെയ് 19 എന്നീ തീയതികളില്‍ നടക്കും. മെയ് 23നാണ് വേട്ടെണ്ണല്‍.
അതേസമയം, കേരളത്തില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 നാണ് കേരളം തെരഞ്ഞെടുപ്പിന് വേദിയാകുക. മാര്‍ച്ച് 25 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
മഹാത്മാഗാന്ധിയുടെ ജനാധിപത്യ ഭരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉദ്ദരിച്ചാണ് സുനില്‍ അറോറ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കടന്നത്. രാജ്യത്ത് 90 കോടി വോട്ടര്‍മാരുണ്ടെന്നും ഇതില്‍ എട്ട് കോടി 40 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പറും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
1950 ആണ് നമ്പര്‍. പത്ത് ലക്ഷം പോളിങ് ബൂത്തുകളായിരിക്കും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ഉച്ചഭാഷിണിക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വോട്ടര്‍മാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ആപ്പിനും രൂപം നല്‍കി.
പ്രശ്നബാധിത മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അറോറ പറഞ്ഞു. വോട്ടിങ് മെഷീനുകളില്‍ ജിപിഎസ് നിരീക്ഷണം ഉള്‍പ്പെടുത്തും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കും.
ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. വോട്ടര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ ഒരുക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. രാജ്യം ആരു ഭരിക്കുമെന്നും അന്നറിയാം. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.
കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായും ബീഹാര്‍,ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്.