അജിത്തിനെ സിനിമാ നടന്‍ ആകുവാന്‍ സഹായിച്ച വ്യക്തി ഈ ഗായകന്‍ ആണ്

തല അജിത് എന്നാല്‍ തമിഴ് നാട്ടുകാര്‍ക്ക് ഒരു വികാരമാണ്. സിനിമാ പാരമ്പര്യമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് തെന്നിന്ത്യയിലെ സൂപ്പര്‍താരമായി മാറിയ നടനാണ് അജിത്. പാലക്കാടു സ്വദേശി പി. സുബ്രഹ്മണ്യത്തിന്റെയും കൊല്‍ക്കത്ത സ്വദേശി മോഹിനിയുടെയും രണ്ടാമത്തെ മകനാണ് അദ്ദേഹം. ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെയാണ് അജിത് സിനിമ എന്ന മോഹവുമായി ചെന്നൈയില്‍ എത്തുന്നത്.

എന്‍ വീടു എന്‍ കാരണവര്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലാണ് അജിത് ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത് . അതുകഴിഞ്ഞാല്‍ 1992 ല്‍ പ്രേമ പുസ്തകം എന്ന തെലുങ്കു ചിത്രത്തിലാണ് അജിത് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

എന്നാല്‍ പാരമ്പര്യം കൊടികുത്തി വാഴുന്ന സിനിമാ ലോകത്ത് അജിത്തിന് അവസരം വാങ്ങി കൊടുത്തത് ഒരു ഗായകനാണ്. വേറാരുമല്ല എസ്.പി ബാലസുബ്രഹ്മണ്യമാണ് അത്. തെലുങ്കു സിനിമയിലെ ഒരു നിര്‍മാതാവിന് അജിതിനെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് എസ്.പി.ബി തന്നെ ഒരു ടെലിവിഷന്‍ ഷോയില്‍ വെളിപ്പെടുത്തുകയായിരുന്നു.

എസ്.പി.ബിയുടെ മകന്‍ എസ്.പി ചരണിന്റെ സഹപാഠിയായിരുന്നു അജിത്. അജിതിനോട് തനിക്ക് പ്രത്യേക സ്നേഹവും താല്‍പര്യവുമുണ്ടെന്ന് എസ്.പി.ബി പറയുന്നു. അതാണ് അവസരം വാങ്ങി നല്‍കുവാന്‍ എസ് പി ബിയെ പ്രേരിപ്പിച്ചതും. അതുകൊണ്ട് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാകുന്ന ഒരു താരത്തിനെ സിനിമാ ലോകത്തിനു ലഭിക്കുകയായിരുന്നു.

വിശ്വാസത്തിന്റെ വിജയിന് ശേഷം നേര്‍കൊണ്ട പാര്‍വ്വൈ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അജിതിപ്പോള്‍. അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം.