മാതൃദിനത്തില്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയ്‌ക്കെതിരെ എഫ്.സി.സി സഭാസമൂഹം
‘തല ചായ്ക്കാനിടം’ വേണമെന്ന് നീതിപീഠത്തിന് മുന്നിലേയ്ക്ക് ഒരു കന്യാസ്ത്രീ’ എന്ന തലക്കെട്ടില്‍ 08-03-2019 ലെ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചതു വ്യാജവാര്‍ത്തയാണെന്ന് എഫ്.സി.സി (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍.) സഭ. ലോകവനിതാ ദിനത്തില്‍ വ്യാജവാര്‍ത്ത ചമച്ച് നിസ്വാര്‍ത്ഥമായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം വനിതകളെ അപമാനിച്ചതിലുള്ള പ്രതിഷേധം മാതൃഭൂമി പത്രത്തെ അറിയിക്കുന്നുവെന്നും വ്യാജവാര്‍ത്ത തിരുത്താത്ത പക്ഷം മാതൃഭൂമി പത്രം നിയമനടപടികള്‍ നേരിടേണ്ടി വരും എന്നും കോണ്‍ഗ്രിഗേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വാര്‍ത്തക്കുറിപ്പ് ചുവടെ:
‘തല ചായ്ക്കാനിടം’ വേണമെന്ന് നീതിപീഠത്തിന് മുന്നിലേയ്ക്ക് ഒരു കന്യാസ്ത്രീ’ എന്ന തലക്കെട്ടില്‍ 08-03-2019 ലെ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയുടെ നിജസ്ഥിതി പൊതുസമൂഹത്തെ അറിയിക്കുവാന്‍ വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നത്. എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ് അംഗം സി. ലിസി വടക്കേലിനെ സഭ തടങ്കലില്‍ വച്ചിരിക്കുന്നു എന്ന സി. ലിസി വടക്കെലിന്റെ സഹോദരന്മാരുടെ പരാതിയിന്മേല്‍ പോലീസ് സന്നാഹമെത്തി സിസ്റ്ററിനെ മഠത്തില്‍ നിന്നും മോചിപ്പിച്ചു എന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ 20-02-2019 ലെ വാര്‍ത്താക്കുറിപ്പിലൂടെ എഫ്.സി.സി. വിജയവാഡ പ്രൊവിന്‍ഷ്യല്‍ അറിയിച്ചിരുന്നു. എന്നാല്‍ എവിടെനിന്ന് സിസ്റ്ററിനെ പോലീസെത്തി മോചിപ്പിച്ചുവോ അതേ ജ്യോതി ഭവനില്‍ തന്നെ താമസിക്കാല്‍ സി. ലിസി ശഠിക്കുകയും, ഭക്ഷണവും മരുന്നും പരിചരണവും അനുഭവിച്ച് അവിടെ ജീവിക്കുകയും ചെയ്യുന്നത് എന്ത് വിരോധാഭാസം? എഫ്.സി.സി. സന്യാസസഭയിലെ വിജയവാഡ പ്രൊവിന്‍ഷ്യല്‍ നിയമനപത്രം നല്കിയിട്ടുള്ള സാഹചര്യത്തില്‍ തലചായ്ക്കാന്‍ ഇടം തരണമെന്ന് നീതിപീഠത്തിനുമുമ്പില്‍ കൈനീട്ടുന്നത് എന്തിനുവേണ്ടിയാണ് എന്നും മനസിലാകുന്നില്ല.
സന്യാസജീവിതത്തിന്റെ നിയമങ്ങള്‍പോലും അനുസരിക്കാതെ സ്വതന്ത്രയായി വിഹരിച്ചിരുന്ന സി. ലിസിയെ വീട്ടുതടങ്കിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് സി. ലിസിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതി വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയും സഹോദരന്മാര്‍ക്കൊപ്പം സി.ലിസിയെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫെബ്രുവരി 24 മൂവാറ്റുപുഴ ജ്യോതിഭവനില്‍ രണ്ട് പോലിസുകാര്‍ക്കൊപ്പം സി. ലിസി വീണ്ടും താമസമാരംഭിക്കുകയായിരുന്നു. സന്യാസ ആവൃതിക്കുള്ളില്‍ പോലീസുകാരെ പാര്‍പ്പിക്കുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടി പ്രോവിന്‍ഷ്യല്‍ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് പരാതി നല്കിയതിനെ തുടര്‍ന്നുണ്ടായ ഉത്തരവനുസരിച്ച് വനിതാപോലീസ് സംരക്ഷണം പിന്‍വലിച്ച സാഹചര്യത്തിലാണ് സി. ലിസി ഏകാന്തത അനുഭവിക്കുന്നു എന്ന പുതിയ പരാതിയുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.
സി. ലിസ്സിക്ക് ‘ഇഷ്ടമുള്ളിടത്ത്’ താമസിക്കാമെന്ന കോടതി നിര്‍ദ്ദേശം തെറ്റായി വ്യാഖ്യാനിച്ച് ജ്യോതി ഭവനില്‍ താമസിച്ച് വരികയാണ് ഇവര്‍. അപരിചിതരായ ആളുകള്‍ സമയത്തും അസമയത്തും സി. ലിസയെ സന്ദര്‍ശിക്കാനെത്തുന്നത് ജ്യോതിഭവനില്‍ താമസിക്കുന്ന മറ്റ് സന്യാസിനികളുടെ സുരക്ഷയെകൂടി ബാധിക്കുന്ന പ്രശ്നമാണ്. രണ്ട് സന്യാസിനികള്‍ക്കൊപ്പം താമസിക്കുകയും സ്വതന്ത്രമായി ജീവിക്കുകയും യാത്രചെയ്യുകയും സന്ദര്‍ശനങ്ങളും ഷോപ്പിങ്ങും നടത്തുകയും ചെയ്യുന്ന സിസ്റ്റര്‍ ഏകാന്തതയിലാണെന്ന മാതൃഭൂമി ലേഖകന്‍ ജോളി അടിമത്രയുടെ കണ്ടുപിടുത്തം വിചിത്രമായി തോന്നുന്നു.
ജലന്ധര്‍ ബിഷപ്പിനെതിരെ സി. ലിസി രഹസ്യമായി മൊഴികൊടുത്തത് എഫ്.സി.സി. അധികാരികള്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഈ വിവരം അറിയുംമുമ്പുതന്നെ സ്ഥലമാറ്റത്തിനുള്ള ഉത്തരവ് സി. ലിസിക്ക് നല്‍കിയിരുന്നു. മാതൃഭൂമി ലേഖകന്‍ അവകാശപ്പെടുന്നതുപോലെയുള്ള സി. ലിസിയുടെ വചനപ്രഘോഷണ മികവിനെക്കുറിച്ചും പ്രശസ്തിയെക്കുറിച്ചും എഫ്.സി.സി. വിജയവാഡ പ്രോവിന്‍സിന് അറിവോ രേഖകളോ ഇല്ല. എഫ്.സി.സി. സന്യാസസഭയുടെ വിജയവാഡ പ്രൊവിന്‍സിന്റെ അംഗമായിരിക്കുന്ന സി. ലിസി ആ സഭയുടെ സന്യാസ നിയമങ്ങള്‍ക്കും ജീവിതക്രമങ്ങള്‍ക്കും അധികാരികള്‍ക്കും വിധേയപ്പെട്ടുകൊണ്ട് വേണം സുവിശേഷപ്രഘോഷണം നടത്തേണ്ടത് എന്ന കാര്യം സൗകര്യപൂര്‍വ്വം മറന്ന് കേരളത്തില്‍ മാത്രമേ സുവിശേഷവേല നടത്തുകയുള്ളു എന്ന് വാശിപിടിക്കുന്നതിന്റെയും ഈ വാശിക്ക് അനാവശ്യമായ പ്രചരണം നല്കി മാതൃഭൂമിപോലയുള്ള മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതിന്റെയും പൊരുളന്വേഷിക്കുമ്പോള്‍ എഫ്.സി.സി. സഭയ്ക്ക് ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്.
ജ്യോതിഭവന്‍ എന്നത് ഗസ്റ്റ് ഹൗസ് ആകയാല്‍ ഉപയോഗിക്കാത്ത മുറികള്‍ എപ്പോഴും പൂട്ടിയാണ് സൂക്ഷിക്കുന്നത്. രാത്രിയില്‍ മഠത്തിനു പുറത്തേയ്ക്കുള്ള എല്ലാ വാതിലുകളും ഗേറ്റുകളും താഴിട്ട് പൂട്ടുന്നതും താക്കോല്‍ സുപ്പീരിയറിന്റെ മുറിയില്‍ സൂക്ഷിക്കുന്നതും ജ്യോതിഭവനില്‍ എന്നല്ല എഫ്. സി. സി. സന്യാസസഭയിലെ എല്ലാ ഭവനങ്ങളിലും നടക്കുന്ന കാര്യമാണ്. റോഡിലേയ്ക്കുള്ള മെയിന്‍ ഗേറ്റും എപ്പോഴും പൂട്ടിയിടും. ഇതൊക്കെ സ്ത്രീകളില്‍ തനിച്ച് താമസിക്കുന്ന ഇടങ്ങളിലെ അടിസ്ഥാന സുരക്ഷയുടെ ഭാഗമാണ്. അസമയത്ത് മഠത്തില്‍ എത്തുന്നവര്‍ പൂട്ടിയ വാതില്‍ കണ്ടതില്‍ അസ്വോഭവികമായി യാതൊന്നുമില്ല. വ്രതവാഗ്ദാനം നടത്തിയ ഒരു സന്യാസിനിയെ മഠത്തില്‍നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നിരിക്കെ അനാഥാലയത്തില്‍ പോയി താമസിക്കാന്‍ സി. ലിസിയോട് മദര്‍ ആവശ്യപ്പെട്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. സഭാനിയമത്തിന് വിധേയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിയോഗിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ആജീവനാന്തം ജീവിക്കാന്‍ സി. ലിസിക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ നിയമനപത്രമനുസരിച്ച് വിജയവാഡ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ എഫ്.സി.സി. സന്യാസസഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്ന് മാത്രമാണ് അധികാരികള്‍ ആവശ്യപ്പെട്ടത്, അല്ലാതെ ഇറങ്ങിപോകണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.
ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ട കേസിന്റ കാര്യത്തില്‍ നിയമപരമായി ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ആരും സി. ലിസിയെ തടഞ്ഞിട്ടില്ല തടയുകയുമില്ല. എന്നാല്‍ എഫ്.സി.സി സഭാനിയമമനുസരിച്ച് മുന്‍ അധികാരിയില്‍ നിന്നും ഒരു അംഗത്തിന് ലഭിച്ച പ്രത്യേക അനുവാദങ്ങളും ആനുകൂല്യങ്ങളും പുതിയ അധികാരി ഉദ്യേഗം ഏറ്റെടുത്ത് ഒരു മാസത്തിനകം നവീകരിക്കപ്പെടുന്നില്ലെങ്കില്‍ അത് റദ്ദാക്കപ്പെടുന്നു. പ്രത്യേക അനുവാദം പുതുക്കി വാങ്ങാതിരിക്കുകയും പുതിയ നിയമനപത്രം കൈപ്പറ്റുകയും ചെയ്തിട്ട് പഴയ അനുവാദത്തെക്കുറിച്ച് പറയുന്നതില്‍ എന്താണ് സാങ്കത്യം.
സി. ലിസി നടത്തുന്ന കൗണ്‍സലിംഗ് ഏത് തരത്തിലുള്ളതാണെന്ന് എഫ്.സി.സി. സഭയ്ക്ക് അറിയില്ല. എന്നിരുന്നാലും കൗണ്‍സിലിംഗിലൂടെ ലഭിച്ച വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ വിളിച്ചുപറയുന്ന രീതിയെ സഭ അംഗീകരിക്കുന്നില്ല. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പുതിയ നിയമനം ലഭിക്കുമ്പോള്‍ തിരികെ നല്കുക എന്നത് സന്യാസസഭയുടെ നിയമമാണ്. എന്നാല്‍ കേരളത്തിലേയ്ക്ക് തിരികെപോയപ്പോള്‍ ഫോണ്‍ സി. ലിസിക്ക് തിരികെ നല്‍കിയിരുന്നു. അതുകൂടാതെ മറ്റ് രണ്ട് ഫോണുകളും ലാപ്റ്റോപ്പ് കമ്പ്യൂട്ടറും സി. ലിസി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് അവര്‍ സ്വയം സമ്പാദിച്ച സ്വാതന്ത്രത്തിന്റെ അടയാളങ്ങളാണ്.
ലോകവനിതാ ദിനത്തില്‍ വ്യാജവാര്‍ത്ത ചമച്ച് നിസ്വാര്‍ത്ഥമായ ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം വനിതകളെ അപമാനിച്ചതിലുള്ള പ്രതിഷേധം മാതൃഭൂമി പത്രത്തെ എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ് അറിയിക്കുന്നു. ഈ വ്യാജവാര്‍ത്ത തിരുത്താത്ത പക്ഷം മാതൃഭൂമി പത്രം നിയമനടപടികള്‍ നേരിടേണ്ടി വരും എന്നും ഓര്‍മ്മിപ്പിക്കുന്നു.