ജോസഫിനെ മാണി വെട്ടി ; കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴികാടനെ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ ജോസഫിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ചാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍.

വര്‍ക്കിംഗ് പ്രസിഡന്റായ പി ജെ ജോസഫ് മത്സരിക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയും നിലപാടെടുത്തിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആസ്ഥാനമായ കോട്ടയം ജോസഫിന് മത്സരിക്കാന്‍ വിട്ട് നല്‍കേണ്ടതില്ലെന്ന തീരുമാനം കെഎം മാണിയെ അറിയിക്കുകയും ചെയ്തിരുന്നു.

ജോസഫ് കോട്ടയത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം കൂടി മറികടന്നാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ചെയര്‍മാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് അറിയിച്ചിരുന്നു. നീതിപൂര്‍വ്വമായ തീരുമാനം പ്രതീക്ഷിക്കുന്നതായും ജോസഫ് അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയതെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജോസഫിന് കോട്ടയത്ത് മേല്‍ക്കൈയില്ലെന്നും മാണി വിഭാഗം പറയുന്നു. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സീറ്റവേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ചു നില്‍ക്കുകയായിരുന്നു.