കോട്ടയം സീറ്റിന്റെ പേരിലെ തമ്മിലടി ; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

കോട്ടയം സീറ്റിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി തീരുമാനത്തിന് എല്ലാവരും വഴങ്ങണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.

ജോസഫിനെ വെട്ടിയ മാണിവിഭാഗം, ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതേ കാലോടെയാണ് കെഎം മാണി ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം അറിയിച്ചത്. പത്രക്കുറിപ്പിലൂടെയായിരുന്നു അറിയിപ്പ്.

ജോസഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും കെ എം മാണി രംഗത്ത് ഇറക്കുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ പിജെ ജോസഫ് തൊടുപുഴയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. കെഎം മാണിയുടെ നീക്കത്തില്‍ ജോസഫിന് കടുത്ത അമര്‍ഷമുണ്ട്. സ്ഥാനാര്‍ത്ഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജോസഫ്.

ചെയര്‍മാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് അറിയിച്ചതിന് പിന്നാലെയാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വരുന്നത്.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം. ജോസഫ് ഈ തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു.