രാജ്യത്ത് നടക്കാന്‍ പോകുന്നത് 50,000 കോടിയുടെ ഇലക്ഷന്‍ മഹാമഹം

വികസിത രാജ്യമോ വികസ്വര രാജ്യമോ എന്നതല്ല ഇന്ത്യയില്‍ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ആകെ മൊത്തം ചിലവ് കേട്ടാല്‍ ആരും കണ്ണുതള്ളും. 50,000 കോടി രൂപയുടെ ഇലക്ഷന്‍ മഹാമഹത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. അതായത് അമേരിക്കയില്‍ നടന്ന അവസാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പോലും ബഹുദൂരം പിന്നിലാക്കുന്ന തിരഞ്ഞെടുപ്പ്. ലോകചരിത്രത്തില്‍ നിലവില്‍ ഏറ്റവും ചെലവേറിയതെന്ന് കണക്കാക്കുന്നത് 2016-ല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുടക്കിയ 45000 കോടിയാണ്.

തിരഞ്ഞെടുപ്പ് നടത്തിപ്പും പ്രചാരണം കൊഴിപ്പിക്കാനുള്ള പണവും മാര്‍ക്കറ്റിങ്ങ്, പരസ്യം എല്ലാ കൂടി കണക്കിലെടുത്താല്‍ 50,000 കോടി രൂപ ഇത്തവണ ചിലവഴിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത് . ഇന്ത്യയില്‍ 2014-ലെ തിരഞ്ഞെടുപ്പ് ചെലവിനേക്കാള്‍ 40 ശതമാനം വര്‍ധനയാണ് 2019 കണക്കാക്കുന്നത്. ഒരു വോട്ടര്‍ക്ക് 550 രൂപയോളം നീക്കി വെക്കുമെന്നാണ് പ്രതീക്ഷ.

സാമൂഹികമാധ്യങ്ങള്‍, യാത്ര, പരസ്യം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയില്‍ ഭൂരിപക്ഷവും പോകുകയെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ചെയര്‍മാന്‍ എന്‍.ഭാസ്‌കര റാവു പറഞ്ഞു. 2014-ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവിട്ട തുക 250 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ അത് 5000 കോടിയിലേക്ക് എത്തുമെന്നും അദ്ദേഹം പറയുന്നു.

545 സീറ്റുകളിലായി 8000 ലധികം സ്ഥനാര്‍ഥികളുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ 90 ശതമാനത്തിലധികം പേരും വോട്ടര്‍മാര്‍ക്ക് സമ്മാനം, പണം, മദ്യം തുടങ്ങിയ വസ്തുക്കള്‍ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ജെന്നിഫര്‍ ബസ്സല്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വീട്ട് ഉപകരണങ്ങള്‍ മുതല്‍ കന്നുകാലികളെ വരെ വോട്ടര്‍മാര്‍ക്ക് നല്‍കി വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്.