നാരിശക്തിപുരസ്‌ക്കാരജേതാവ് മഞ്ജു മണിക്കുട്ടന് നവയുഗം കുടുംബവേദി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി

ദമ്മാം: ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നതബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ , ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും വാങ്ങി മടങ്ങിയെത്തിയ, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്, നവയുഗം കുടുംബവേദി ദമ്മാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, നവയുഗം കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍, കുടുംബവേദി നേതാക്കളായ ദിലീപ്, ശരണ്യ, മീനു അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

സ്ത്രീശാക്തീകരണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്, കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയമാണ് ‘നാരി ശക്തി പുരസ്‌കാരം’, എല്ലാ വര്‍ഷവും വനിതാദിനമായ മാര്‍ച്ച് 8ന് നല്‍കുന്നത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യക്കാരായ വനിതകള്‍ക്കും, വീട്ടുജോലിക്കാരികള്‍ക്കും വേണ്ടി നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് മഞ്ജു മണിക്കുട്ടന് 2018 ലെ ‘നാരി ശക്തി പുരസ്‌കാരം നല്‍കിയത്. ഇത്തവണ പുരസ്‌ക്കാരജേതാക്കളായ 42 പേരില്‍, വിദേശരാജ്യത്തു നിന്നുള്ള ഏകവനിതയായിരുന്നു മഞ്ജു മണിക്കുട്ടന്‍.