ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിക്ക് പിന്നാലെ കെഎസ്ആര്‍ടിസിയിലെ അടക്കം എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

യുവജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങള്‍ പാടില്ല എന്നും തിരഞ്ഞെടുപ്പ് ചട്ടം ഉണ്ട്.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ നീക്കാന്‍ വകുപ്പ് സെക്രട്ടറിമാരോടും നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളോ പരസ്യ സ്വഭാവമുളള വാചകങ്ങളോ പാടില്ല. നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുളള ഫളക്‌സ് ബോര്‍ഡുകളും കട്ടൗട്ടറുകളും നീക്കം ചെയ്യാന്‍ ആവശ്യമായ സഹായം ചെയ്യാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനിടെ, ഇടത് ധിക്കാരവും വലത് വഞ്ചനയും എന്ന പേരില്‍ ശബരിമല കര്‍മ സമിതി പുറത്തിറക്കിയ നോട്ടീസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ടിക്കാറാം മീണ പറഞ്ഞു. സിപിഎമ്മിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഷോണ്‍ ജോര്‍ജ് കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുളള പരസ്യങ്ങള്‍ നീക്കാന്‍ എന്ന് കാണിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് പരാതി നല്‍കിയത്.