ശ്രീവരാഹം കൊലപാതകം : മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ
തിരുവനന്തപുരത്ത് മയക്കുമരുന്ന് സംഘങ്ങള്‍ വ്യാപകമാകുന്നു. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. കുത്തിയവരും കുത്തേറ്റവരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ശ്രീവരാഹം സ്വദേശി ശ്യാം (28)എന്ന മണിക്കുട്ടനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.
മയക്കുമരുന്ന് മാഫിയ സംഘത്തിലുള്‍പ്പെട്ട അര്‍ജുന്‍ എന്നയാളാണ് ശ്യാമിനെ കുത്തിയത്. ഏറ്റുമുട്ടലില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി കുത്തേറ്റിരുന്നു. സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോജ്, രജിത്ത് എന്നീ പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഒളിവില്‍പോയ പ്രതി അര്‍ജുന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. മുംബൈയില്‍ ജോലി ചെയ്തിരുന്ന അര്‍ജുന്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണികുട്ടന്‍. കഴിഞ്ഞ ദിവസം കരമനയിലുണ്ടായ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളായിരുന്നു. ഈ മാസം ആദ്യം ചിറയിന്‍കീഴില്‍ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയതും മയക്ക് മരുന്ന് ലഹരിയിലായിരുന്നു.
പേരിന് നടത്തുന്ന പരിശോധനയല്ലാതെ പൊലീസിനോ എക്‌സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെ, ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ലഹരി മരുന്ന് മാഫിയയെ തടയിടാനായി കര്‍ശനമായ പരിശോധന നടത്തുമെന്നും സഞ്ജയ്കുമാര്‍ ഗുരുഡിന്‍ വ്യക്തമാക്കി.