യു.എന്‍.എ യില്‍ കനത്ത സാമ്പത്തിക തിരിമറി ; 3 കോടി 71 ലക്ഷം കാണാനില്ലെന്ന് പരാതി
നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനില്‍ കനത്ത സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം . സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മുന്‍ യുഎന്‍എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാതിയിലുണ്ട്.
സംഘടനാ തീരുമാന പ്രകാരമല്ലാതെ പല വ്യക്തികള്‍ക്കും ലക്ഷങ്ങള്‍ കൊടുത്തതായി കണക്കുകളില്‍ കാണുന്നുണ്ടെന്നും സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യയിലെ അസംഘടിതരായ നേഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുഎന്‍എ. മിനിമം ശമ്പളമുള്‍പ്പെടെയുളള നിര്‍ണ്ണായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കുന്നതിന് കാരണമായത് യുഎന്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിയ പോരാട്ടങ്ങളാണ്.
അതേ സമയം ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. സിബി മുകേഷിനെതിരെ സംഘടന നടപടിയെടുത്ത് പുറത്താക്കിയതാണെന്നും ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംഘടനയെ തകര്‍ക്കാന്‍ സിബി മുകേഷ് രംഗത്തെത്തിയിരിക്കുന്നതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.