ന്യൂസീലൻഡിൽ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പിൽ 51 മരണം
ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസീലന്‍ഡില്‍ മുസ്ലീംപള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 51 മരണം. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയത്. എത്ര പേര്‍ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. ക്ലോസ് റേഞ്ചില്‍, പോയന്റ് ബ്ലാങ്കിലാണ് അക്രമി പലരെയും വെടിവച്ചു വീഴ്ത്തിയത്.
പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ലൈവ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പെരിസ്‌കോപ്പിലും പ്രചരിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
രണ്ട് പള്ളികളിലും പ്രാര്‍ഥനകള്‍ നടക്കുന്ന സമയത്താണ് അക്രമി തോക്കുമായി പാഞ്ഞെത്തി അക്രമം അഴിച്ചുവിട്ടത്. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ പെടുന്നു. ന്യുസീലന്‍ഡുമായി നടക്കുന്ന ഏകദിനമത്സരത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമും ആക്രമണം നടന്ന സമയത്ത് ഒരു പള്ളിയിലുണ്ടായിരുന്നു. തല നാരിഴയ്ക്കാണ് ടീമംഗങ്ങള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് എന്നും വാര്‍ത്തകള്‍ ഉണ്ട്.
”ഇത് ഭീകരാക്രമണം തന്നെയാണ്. ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നാണിത്.” പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണം തന്നെയാണിതെന്ന് ആര്‍ഡന്‍ വ്യക്തമാക്കി.
സ്ഥലത്ത് നിന്ന് രണ്ട് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) കളും കണ്ടെത്തിയിട്ടുണ്ട്. പൊലീസും ബോംബ് സ്‌ക്വാഡുമെത്തി ഇത് നിര്‍വീര്യമാക്കി.