വിയന്നയിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹം സ്വയം ഭരണത്തിലേക്ക്

വിയന്ന: മലങ്കര കത്തോലിക്കാ സഭയുടെ വിയന്നയിലെ കൂട്ടായ്മയെ ഔദ്യോഗികമായി ഒരു സ്വതന്ത്ര ഇടവക സമൂഹമായി കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണ്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള ഓര്‍ഡിനറിയാറ്റിന്റെ വികാരി ജനറല്‍ മോണ്‍. യൂറി കോളാസ നിര്‍വഹിച്ചു. മാര്‍ച്ച് 10ന് വിയന്നയിലെ ബ്രൈറ്റന്‍ഫെല്‍ഡ് ദേവാലയത്തില്‍ നടന്ന വിശുദ്ധകുര്‍ബാന മദ്ധ്യേയായിരുന്നു പ്രഖ്യാപനം.

ഇതുവരെ വിയന്ന ഇന്ത്യന്‍ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ മൂന്നാമത്തെ യൂണിറ്റ് ആയി നിലനിന്നിരുന്ന മലങ്കര കത്തോലിക്കാ സഭാസമൂഹം പുതിയ പ്രഖ്യാപനത്തത്തോടെ വിയന്ന അതിരൂപതയില്‍ സ്വയംഭരണത്തോടെയുള്ള ഔദ്യോഗിക ഇടവക സമൂഹമായി പൗരസ്ത്യ ഓര്‍ഡിനറിയാറ്റിന്റെ കീഴില്‍ സ്ഥാപിതമായി.

അതോടൊപ്പം വിയന്ന യൂണിവേഴ്‌സിറ്റിയില്‍ ആരാധനാ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും, കഴിഞ്ഞ ഏഴു വര്‍ഷമായി മലങ്കര യൂണിറ്റിന്റെ അജപാലന ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുന്ന ബഥനി ആശ്രമാംഗമായ ഫാ. തോമസ് പ്രശോഭ് കൊല്ലിയേലില്‍ ഓ ഐ സിയെ മലങ്കര ഇടവകയുടെ ആദ്യ വികാരിയായി അഭിവന്ദ്യ കര്‍ദിനാള്‍ നിയമിച്ചു. നിയമനം ഔദ്യോഗികമായി ഫാ. തോമസ് പ്രശോഭ് കര്‍ദ്ദിനാളിന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി. അതേസമയം പുതുതായി സ്ഥാപിതമായ പൗരസ്ത്യ ഓര്‍ഡിനറിയാറ്റിന്റെ വൈദിക സമിതി (Presbyterial Council) അംഗമായും ഫാ. തോമസ് പ്രശോഭ് നിയമിതനായി.

വി. കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഓസ്ട്രിയയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുന്ന മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടില്‍, ആര്‍ഗെ ആഗ് സെക്രട്ടറി മാഗ്. അലക്‌സാണ്ടര്‍ ക്രാള്‍ജിക് തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങളായി ഓസ്ട്രിയയില്‍, പ്രത്യേകിച്ച് വിയന്നയില്‍ സ്ഥിരതാമസം ആക്കിയ മലങ്കര കത്തോലിക്കാ സഭാവിശ്വാസികള്‍ നാളിതുവരെ കാത്തുസൂക്ഷിച്ച സഭാസ്‌നേഹവും പാരമ്പര്യങ്ങളും തങ്ങളുടേതായ തനതായ ഒരു സഭാസംവിധാനം ഉണ്ടാകുവാനായി പ്രാര്‍ത്ഥനയോടും അര്‍പ്പണമനോഭാവത്തോടും കൂടെ സഭാ നേതൃത്വത്തോടൊപ്പം നടത്തിയ പരിശ്രമങ്ങളുടെയും സാക്ഷാത്കാരം ആണ് പുതിയ ഇടവക സംവിധാനം എന്ന് ബഹുമാനപ്പെട്ട വികാരി ഫാദര്‍ പ്രശോഭ് പറഞ്ഞു. പുതിയ സംവിധാനം ചെറിയ അജഗണത്തിനു ലഭിച്ച വലിയ അംഗീകാരം ആണെന്നും ഇടവക ട്രസ്റ്റീ പ്രിന്‍സ് പത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.

പുനരൈക്യശില്‍പി ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മലങ്കര കത്തോലിക്കാ ഇടവക ഇതോടെ ഓസ്ട്രിയയില്‍ വിയന്ന, സാല്‍സ്ര്‍ബുര്‍ഗ്, ലിന്‍സ്, ഫോറാല്‍ബെര്‍ഗ്, തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ആയി കഴിയുന്ന മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ മാതൃ യൂണിറ്റ് ആയി മാറി.

ഓര്‍ഡിനറിയാത്: യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും വ്യക്തിഗത പൗരസ്ത്യ സഭാംഗങ്ങള്‍ അധികം ഇല്ലാത്ത രാജ്യങ്ങളില്‍ അവരുടെ ആധ്യാത്മിക മേല്‍നോട്ടത്തിനായി മാര്‍പാപ്പ ഏര്‍പ്പെടുത്തുന്ന ഭരണ സംവിധാനമാണിത്: ഉദാഹരണത്തിന് സ്‌പെയിനിലെ പല രൂപതകളിലും പൗരസ്ത്യ സഭാംഗങ്ങള്‍ ഉണ്ട്. എന്നാല്‍ അവര്‍ എല്ലാവരും ഒരു ഓര്‍ഡിനറിയാത്തിന്റെ കീഴിലാണ്. മാഡ്രിഡിലെ ആര്‍ച്ബിഷപ്പാണ് ഇപ്പോള്‍ സ്‌പെയിനിലെ ഓര്‍ഡിനറിയാത്തിന്റെ മെത്രാന്‍. അതുപോലെ ഓസ്ട്രിയയിലെ ഓര്‍ഡിനറിയാത്തിന്റെ മെത്രാന്‍ വിയന്ന അതിരൂപതയുടെ അദ്ധ്യക്ഷന്‍ മെത്രാപ്പോലിത്ത കര്‍ദ്ദിനാള്‍ ഷോണ്‍ബോണ്‍ ആണ്. ഓസ്ട്രിയയില്‍ കത്തോലിക്കാ വിശ്വാസം പിന്തുടരുന്ന എല്ലാ പൗരസ്ത്യ സഭകളുടെയും അജപാലന ഉത്തരവാദിത്വം ഇനിമുതല്‍ അദ്ദേഹത്തിനായിരിയ്ക്കും. ഇതോടെ 1956ല്‍ നിലവില്‍ വന്ന ‘ബൈസന്റൈന്‍ ഓര്‍ഡിനറിയാറ്റ്’ ഓസ്ട്രിയയിലെ പൗരസ്ത്യ കത്തോലിക്കാ സഭകളെ മുഴുവന്‍ ഉള്‍കൊള്ളുന്ന പൗരസ്ത്യസഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്ത് എന്ന് അറിയപ്പെടും.

പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യയില്‍ നിന്നുള്ള പൗരസ്ത്യ കത്തോലിക്ക സഭകളായ സീറോ മലബാര്‍, സീറോ മലങ്കര സഭാസമൂഹത്തെ ഓസ്ട്രിയയില്‍ മലയാള ഭാഷാവിഭാഗം എന്ന നിലയില്‍ അന്യഭാഷാ സമൂഹങ്ങളുടെ (fremdsprachige Gruppe) പട്ടികയില്‍ നിന്നും മാറ്റി പൗരസ്ത്യ സഭകള്‍ക്കുള്ള (സുയിയുറീസ് ഗണത്തില്‍ വരുന്ന) ഓര്‍ഡിനറിയാത്തിന്റെ കീഴിലാക്കി. അതേസമയം ഓര്‍ഡിനറിയാത്ത് വഴി ഈ സഭകളുടെ തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാങ്ങള്‍ ക്രമീകരിക്കുന്നതിന് വത്തിക്കാന്‍ നടത്തിവരുന്ന ഔദ്യോഗിക നടപടികളുടെ ഒരു സുപ്രധാന ഘട്ടമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.