ശ്രീധരൻ പിള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകില്ല
അവസാന പ്രതീക്ഷയായ പത്തനംതിട്ടയും കൈവിട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് സൂചന. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ശ്രീധരന്‍ പിള്ള ഉന്നമിട്ടത് പത്തനംതിട്ടയാണ്. എന്നാല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സര രംഗത്ത് വേണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇതോടെ തൃശൂര്‍ മണ്ഡലം തുഷാറിന് വിട്ട് നല്‍കാന്‍ ബിജെപി നിര്‍ബന്ധിതരാകും.
പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാട് കെ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. തുഷാര്‍ വരുന്നതോടെ തൃശൂരില്‍ അവസരം പോയ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഏറ്റവും ഒടുവിലെ നീക്കം. അങ്ങനെ എങ്കില്‍ തെരഞ്ഞെടപ്പ് രംഗത്തു നിന്ന് ശ്രീധരന്‍ പിള്ള പിന്‍മാറുമെന്നാണ് സൂചന.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടി പത്തനംതിട്ടയില്‍ അവകാശ വാദം ഉന്നയിച്ച് എംടി രമേശും രംഗത്തുണ്ട്. കോഴിക്കോട്ടേക്കാണ് ബിജെപി സംസ്ഥാന നേതൃത്വം എംടി രമേശിനെ പരിഗണിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്ന് എംടി രമേശ് നേരത്തെ നിലപാടെടുത്തിരുന്നു.
സുരേഷ് ഗോപി മത്സര രംഗത്ത് ഉണ്ടായേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ദേശീയ നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കൊല്ലത്ത് പൊതു സ്വതന്ത്രനെന്ന നിലയില്‍ സിവി ആനന്ദബോസിനെ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാകും.
പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ പേര് സംസ്ഥാന നേതൃത്വം പറയുമ്പോള്‍ സി കൃഷ്ണകുമാറിന്റെ പേര് വി മുരളീധര വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആറ്റിങ്ങലില്‍ പികെ കൃഷ്ണദാസ്, കണ്ണൂരില്‍ സികെ പദ്മനാഭന്‍,കോഴിക്കോട് എംടി രമേശ് ഇല്ലെങ്കില്‍ കെപി ശ്രീശന്‍, മാവേലിക്കരയില്‍ പിഎം വേലായുധന്‍ എന്നിവര്‍ സാധ്യതാ പട്ടികയില്‍ ഉണ്ട്.