ന്യൂസിലൻഡ് ഭീകരാക്രമണം; കാണാതായവരില്‍ മലയാളിയും? കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനും

ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നലെ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ കാണാതായവരില്‍ ഒരു മലയാളിയും എന്ന് റിപ്പോര്‍ട്ട്. റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്. എന്നാല്‍ ഈ പട്ടികയിലിലെ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഒരു ഇന്ത്യക്കാരന്‍ മരിച്ചതായും രണ്ട് പേര്‍ പരിക്കുകളോടെ ചികിത്സയിലുള്ളതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആറ് പേരെ കാണാനില്ലെന്നാണ് അറിയുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല.

ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവര്‍ തെലങ്കാന സ്വദേശികളാണെന്നാണ് സൂചന.ഭീകരാക്രണത്തില്‍ ഒമ്പത് ഇന്ത്യക്കാരെ കാണാതായിരുന്നു. ഇന്ത്യന്‍ വംശജരായ ഒമ്പതു പേരെ കാണാനില്ലെന്ന കാര്യം ഇന്നലെ രാത്രിയോടെ ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സ്ഥിരീകരിച്ചിരുന്നു.

കാണാതായവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടു വരുകയാണെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂവെന്നും ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്കായി ന്യൂസിലന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ന്യൂസിലന്‍ഡില്‍ ഇന്നലെയുണ്ടായ ഭീകരാക്രണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.വെടിവെയ്പ്പ് നടത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ബ്രണ്ടന്‍ ടാരന്റിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി ടാരന്റിനെ ഏപ്രില്‍ അഞ്ചു വരെയാണ് കോടതി റിമാന്റ് ചെയ്തത്. കൊലപാതക കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കൂടുതല്‍ വകുപ്പുകള്‍ പിന്നീട് ചുമത്തും. കായിക പരിശീലകനായ ടാരന്റ് വെള്ളക്കാരുടെ മേധാവിത്വത്തില്‍ വിശ്വസിക്കുന്ന കുടിയേറ്റ വിരുദ്ധനാണെന്ന് വ്യക്തമായിട്ടുണ്ട്. 2012ല്‍ ആണ് ഇയാള്‍ ന്യൂസിലന്റിലെത്തിയത്. ഒരു തോക്ക് മാത്രം കൈവശം വെയ്ക്കാന്‍ ലൈസന്‍സുണ്ടായിരുന്ന അക്രമിയുടെ പക്കല്‍ നിന്ന് അഞ്ച് യന്ത്ര തോക്കുകള്‍ കണ്ടെത്തിയതായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേന്‍ അറിയിച്ചു.

സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരായിരുന്നെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.കൊല്ലപ്പെട്ടവരില്‍ ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാരും ഉള്ളതായാണ് റിപ്പോര്‍ട്ട്. ഡീന്‍സ് അവന്യൂവിലുള്ള അല്‍ നൂര്‍ മസ്ജിദിലും 5 കിലോമീറ്റര്‍ അകലെ ലിന്‍വുഡ് മസ്ജിദിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരവേളയിലായിരുന്നു ആക്രമണം.

സംഭവം നടക്കുമ്പോള്‍ അല്‍ നൂര്‍ പള്ളിയില്‍ ഉണ്ടായിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ടീം തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്ന് തുടങ്ങാനിരുന്ന ന്യൂസീലന്‍ഡ് – ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റ് മല്‍സരം ഉപേക്ഷിച്ചിരുന്നു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ എല്ലാ മോസ്‌ക്കുകളും സര്‍ക്കാര്‍ അടപ്പിച്ചു.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്