ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍

ന്യൂസീലന്‍ഡില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയായ അന്‍സി അലിബാവയുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് മരിച്ച ഇന്ത്യക്കാരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. മെഹബൂബാ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദീര്‍, അന്‍സി അലിബാവ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിലെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ തരപ്പെടുത്തികൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷണര്‍ അറിയിച്ചു.

ക്രൈസ്റ്റ്ചര്‍ച്ചിലെയും ലിന്‍വുഡിലെയും പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് സംഭവം. ആക്രമണത്തില്‍ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഓസ്‌ട്രേലിയയില്‍ ജനിച്ച ബ്രെന്റണ്‍ ടാരന്റ് (28) ആണ് അക്രമി. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. രണ്ടുപേര്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവെടിവെപ്പാണിത്. കൊലയാളി ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.