ബി ജെ പിയിലേയ്ക്ക് ഇല്ലെന്ന് കെ വി തോമസ്‌ ; നാളെ സോണിയാഗാന്ധിയെ കാണും

കോണ്‍ഗ്രസിനോട് ഇടഞ്ഞെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുത്ത് നടത്തിയ അനുനയ നീക്കങ്ങള്‍ ഫലം കാണുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകളാണ് കെവി തോമസ് പങ്കുവയ്ക്കുന്നത്. സോണിയാ ഗാന്ധിയെ നാളെ കണ്ട ശേഷം ഭാവി തീരുമാനിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ കെവി തോമസ്.

നിലപാട് മാറ്റത്തിന്റെ ഭാഗമായി കേരളാ ഹൗസിലെത്തിയ കെവി തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പിസി ചാക്കോയേയും കെവി തോമസ് കാണുന്നുണ്ട്. രാവിലെ അനുനയ നീക്കങ്ങളുടെ ഭാഗമായി വീട്ടിലെത്തിയ ചെന്നിത്തലയോട് രോഷത്തോടെയാണ് കെവി തോമസ് പ്രതികരിച്ചത്.

ഇടഞ്ഞ് നില്‍ക്കുന്ന തോമസിനെ അനുനയിപ്പിക്കാന്‍ ഒട്ടേറെ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു. ഹൈബി ഈഡന്‍ മത്സരിച്ച് പാര്‍ലമെന്റിലേക്ക് എത്തുമ്പോള്‍ ഒഴിവു വരുന്ന എംഎല്‍എ സ്ഥാനം , യുഡിഎഫ് കണ്‍വീനര്‍ പദവി തുടങ്ങി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അടക്കം സംഘടനാ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. നാളെ സോണിയാ ഗാന്ധിയെ കണ്ട ശേഷം തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന നിലപാടിലാണിപ്പോള്‍ കെവി തോമസ്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തില്‍ ദുഃഖമുണ്ട്. താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു.

അതിനിടെ കെ വി തോമസിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ചരടുവലികളും ആരംഭിച്ചു. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടു വെച്ചത്.